സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍റെ’ ആദ്യ ദിവസം അറസ്റ്റിന്‍റെ പ്രളയം. സംസ്ഥാനത്താകെ 137 പേരെയാണ് ലഹരി വസ്തുക്കളുമായി പിടികൂടിയത്. 104 കേസുകളെടുത്തു. അരക്കിലോ എം.ഡി.എം.എയാണ് പിടികൂടിയത്. 37 കിലോ കഞ്ചാവും പിടിച്ചിട്ടുണ്ട്. പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്നും ലഹരിയുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഡി.ജി.പി റാവാഡാ ചന്ദ്രശേഖര്‍ പറഞ്ഞു.
കൊച്ചി, മലപ്പുറം, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയത്. ഇതിനുപുറമെ ഇടത്തരം അളവിലുള്ള എട്ട് കേസുകളും ചെറിയ അളവിലുള്ള 93 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമായി തുടരുമെന്നും ലഹരിയുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്‍റലിജന്‍സ് ഐ.ജി പുട്ടവിമലാദിത്യയ്ക്കാണ് ഓപ്പറേഷന്‍റെ മേല്‍നോട്ട ചുമതല. കര്‍ശന പരിശോധനയും ബോധവത്കരണവും അടങ്ങിയതാണ് പദ്ധതി. ലഹരിമാഫിയയുടെ ഉറവിടം കണ്ടെത്താന്‍ ഇതര സംസ്ഥാന പൊലീസിന്‍റെയും ഇ.ഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുടെയും സഹായം തേടും. ജനങ്ങള്‍ക്കും വിവരം നല്‍കാം. രഹസ്യമായി സൂക്ഷിച്ചുകൊണ്ടായിരുന്നു പൊലീസ് നടപടി.