വെഞ്ഞാറമൂട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളജിൽ നടന്ന വാർഷികാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കാഴ്ച നഷ്ടപ്പെട്ട രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ ചികിത്സ തിരുവനന്തപുരം കണ്ണാശുപത്രിയിൽ തുടരുന്നു. ശ്രീകാര്യം ചേങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് (21) ഇടതുകണ്ണിന്റെ റെറ്റിനയും കോർണിയയും  തകർന്ന് കാഴ്ച നഷ്ടമായത്. 

സംഭവത്തെ തുടർന്ന് ആലുന്തറ സ്വദേശി വിഷ്ണുവിനെ (24) പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം. കോളേജ് ഫെസ്റ്റിൽ പങ്കെടുക്കാൻ പുറത്തുനിന്നെത്തിയവരും അമീനും തമ്മിൽ തർക്കമുണ്ടായതാണ് പ്രകോപനത്തിന് കാരണം. പ്രതികൾ സംഘം ചേർന്ന് അമീനെ ഇടിവള കൊണ്ട് കണ്ണിലിടിച്ചു.  നെഞ്ചിലും മുതുകിലും മർദ്ദിച്ചു. അഗ്രഭാഗം കൂർത്ത ഇടിവള കൊണ്ട് മൂക്കിന് ഇടതുവശത്തും ഇടത് പുരികത്തും ഇടിച്ചെന്നാണ് പറയുന്നത്. റെറ്റിന പൂർണമായി തകർന്നതിനെ തുടർന്ന് കണ്ണാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. പിതാവ് അബ്ദുൾ ഗഫൂർ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. മാതാവ് രോഗബാധിതയായി കിടപ്പിലാണ്. 

സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ശിവജിത്ത്, നിതിൻ,കാശിനാഥ് ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

A second-year computer science student has lost vision in his left eye following a clash at a private engineering college in Venjaramoodu. He is currently receiving treatment at Trivandrum Eye Hospital for severe retinal and corneal damage sustained during the incident at the college festival.