കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി ടി. അനിൽ കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈകിട്ട് ചേർത്തല ആലുങ്കലുള്ള വീട്ടിൽ നിന്ന് ഇദ്ദേഹത്തെ പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ശുചിമുറിമാലിന്യ വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പി പിടിയിലായത്.
വാഹനം വിട്ടുകൊടുക്കുന്നതിന് രണ്ടു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം വാഹന ഉടമ വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഡിവൈഎസ്പി അനിൽകുമാർ നിരീക്ഷണത്തിലായിരുന്നു. ആദ്യ ഗഡുവായി 50,000രൂപ കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്.
വിജിലൻസ് സംഘം വരുന്നത് കണ്ട് ഡിവൈഎസ്പി അനിൽകുമാർ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സംഘം പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ അനിൽകുമാർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ചേർത്തലയിൽ ചുമതലയേറ്റത് .