തമിഴ്നാട് കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്നു. സംഭവത്തില്‍ അയല്‍വാസിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് കോയമ്പത്തൂര്‍ സൂലൂരിലുള്ള വീടിനടുത്ത് കളിക്കുകയായിരുന്നു പത്തുവയസുകാരി. മിഠായി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസിയായ കാര്‍ത്തിക് കുട്ടിയെ ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. 

കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വീടിന് രണ്ടു കി.മീറ്റര്‍ അകലെയുള്ള കണ്ണംപാളയം കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കുളത്തിലിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിന് ശേഷമേ യഥാര്‍ഥ മരണം കാരണം വ്യക്തമാകൂ. സിസിടിവി  അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണമാണ് അയല്‍വാസിയായ കാര്‍ത്തിക്കിലേക്കും ഇയാളുടെ സുഹൃത്ത് മോഹന്‍ രാജിലേക്കും എത്തിയത്. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച് കാലിന് പരുക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ രാജിനെ 27  വരെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ  ബന്ധുക്കളെ മന്ത്രി എംഎസ് സമ്പത്ത് നേരിട്ടെത്തി ആശ്വസിപ്പിച്ചു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി.

അതിനിടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.  ക്രമസമാധാനം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി വിജയ് പ്രഥമ പരിഗണന നല്‍കണമെന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന്‍. ടിവികെ അധികാരമേറ്റ് 12 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Coimbatore child murder involves the tragic death of a 10-year-old girl, with initial investigations pointing to a neighbor and his friend as suspects. The crime has sparked outrage and political debate, with calls for swift justice.