കോഴിക്കോട് മൂഴിക്കലില്‍ കൊലപ്പെട്ട നസ്രീനയുടെ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി പൊലീസ്. നസ്രീനയെ കൊലപ്പെടുത്തിയശേഷം നസ്രീനയുടെ മൊബൈല്‍ ഫോണില്‍ അദ്‌നാന്‍ സുഹൃത്തുമായി ചാറ്റ് ചെയ്തു. അദ്‌നാന്‍ മരിച്ചെന്നും താങ്കള്‍ക്ക് നല്‍കാനുള്ള പണം നല്‍കാന്‍ കഴിയില്ലെന്നും നസ്രീന സന്ദേശം അയക്കുന്ന രീതിയിലായിരുന്നു ചാറ്റ്.
കഴിഞ്ഞ ദിവസം കിണറ്റില്‍ നിന്ന് കണ്ടെത്തിയ നസ്രീനയുടെ മൊബൈല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം നസ്രീനയുടെ ഫോണില്‍ അദ്‌നാന്‍ സുഹൃത്തുമായി ചാറ്റ് ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. നസ്രീന സന്ദേശം അയക്കുന്ന രീതിയിലായിരുന്നു ചാറ്റ്. അദ്‌നാന്‍ പുലര്‍ച്ചേ 1.45 ന് മരിച്ചെന്നും താങ്കള്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു സന്ദേശം. മാങ്കാവ് സ്വദേശിയായ സുഹൃത്തില്‍ നിന്ന് അദ്‌നാന്‍ ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. ഇതിനായി അദ്‌നാന്‍റെയും മാതാവിന്‍റെയും ഫോണ് ആണ് ഈടായി നല്‍കിയത്.
ബൈക്ക് തിരിച്ചുകൊടുത്തെങ്കിലും 1000 രൂപ നല്‍കാനുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം പണം തിരികെ നല്‍കാമെന്നാണ് അദ്‌നാന്‍ പറഞ്ഞിരുന്നതെന്ന് സുഹൃത്ത് മൊഴി നല്‍കി. വീട്ടിലെത്തിയവരില്‍ ആരോ തെളിവുനശിപ്പിക്കാന്‍ ഫോണ്‍ കിണറ്റില്‍ എറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനാല്‍ ബന്ധുകളില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുക്കും.