Untitled design - 1

കൊല്ലം മുഖത്തലയിൽ ക്ഷേത്രോൽസവത്തിനിടെ 18 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാലുപ്പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ടുപ്പേർ അടക്കം ആറുപ്പേരാണ് കേസിലെ പ്രതികൾ. മുഖത്തല സ്വദേശികളായ ആദിത്യൻ, ബിനു, പ്രജിത്ത്, അഖിൽ രാജ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപ്പേരുമാണ് പ്രതികള്‍. 

ക്ഷേത്രോത്സവത്തിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പതിനെട്ട് വയസുമാത്രം പ്രായമുള്ള തേജസ് എന്ന വിദ്യാർത്ഥിയാണ്ഇന്നലെ രാത്രി നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടത്.   മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയതായിരുന്നു തേജസ്. കെട്ടുകാഴ്ച്ചകൾ വരുന്നതിനിടെയ മറ്റൊരു സംഘം തേജസുമായി തർക്കമുണ്ടായി. അതിനിടെ അഞ്ചംഗം സംഘം തേജസിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ശ്വാസകോശത്തിലേറ്റ കുത്താണ് മരണകാരണം. കുത്തേറ്റ് രക്തം വാർന്ന് കിടന്ന തേജസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം പ്രതികൾ സുഹൃത്തായ അഖിൽ രാജിന്‍റെ വീട്ടിൽ അഭയം തേടി. അതിനിടെ തേജസിനെ കുത്തിയ ആദിത്യൻ അവിടെ നിന്ന് രക്ഷപ്പെട്ടു. കൊട്ടിയം ഭാഗത്ത് വെച്ച് അച്ഛൻ കുഞ്ഞുമോനെ ബന്ധപ്പെട്ടു. ഇക്കാര്യം മനസിലാക്കിയ കൊട്ടിയം എസ്.എച്ച്.ഒ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയത്ത് നിന്ന് ആദിത്യനെ പിടികൂടി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടുപ്രതികൾ കൊട്ടിയത്തെ ഒഴിഞ്ഞ സ്ഥലത്തുണ്ടെന്ന് ആദി‌ത്യന്‍ പറഞ്ഞു. അവിടെ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അതിനിടെ പോലീസിനെ വഴി തെറ്റിക്കാനും ആദിത്യൻ ശ്രമിച്ചു. അവസാനം മീയണ്ണൂരിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് അഖിൽ രാജാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളേയും കൊട്ടിയം പൊലീസ് പിടികൂടുകയായിരുന്നു. 

ENGLISH SUMMARY:

The Kollam Mukhatala temple festival murder involved an 18-year-old who was fatally stabbed following an argument during a dance performance. Police have arrested four individuals, including two minors, in connection with the incident.