കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ അലുവ അതുലിനെ നടുറോഡില്‍ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

അക്രമികള്‍ അതുലവിന്‍റെ തല വെട്ടി പിളർന്നു. കാലിന് നാലു വെട്ടാണേറ്റത്. അതുല്‍‍ എഴുന്നേറ്റ് ഓടാതിരിക്കാനായി ഇടുപ്പിനാണ് വെട്ടിയിട്ടത്. കാറിനുള്ളിൽ നിന്ന് വലിച്ചു പുറത്തിടാനുള്ള ശ്രമത്തിനിടെ കാര്‍ സ്റ്റിയറിങ്ങിനിടെ കുരുങ്ങി. ആ കാല്‍ വെട്ടിമാറ്റിയാണ് അതുലിനെ പുറത്തേക്കിറക്കിയത്. എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീർക്കാം എന്ന് അപേക്ഷിച്ചിട്ടും വെട്ടിക്കൊല്ലുകയായിരുന്നു. 

സംഭവത്തില്‍, പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.  കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. 

ഗുണ്ടാപ്പകയെത്തുടർന്നാണ് കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തിൽ നിന്ന് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് (DANSAF) സംഘവും സാഹസികമായി പിടികൂടിയ പ്രതിയാണ് അതുൽ. ജയിലിലായിരുന്നപ്പോൾ ജയിൽ വാർഡനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനിൽ നിന്ന് ഒപ്പിട്ട് മടങ്ങുന്നതിനിടെ അതുൽ സഞ്ചരിച്ചിരുന്ന വാഹനം വളഞ്ഞ് ഇയാളെ വെട്ടുകയുമായിരുന്നു. 

നാട്ടുകാർ നോക്കിനിൽക്കെ നടന്ന കൊലപാതകത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്ന് ഒന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 

അതുലിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ടയാളുടെ ഇൻസ്റ്റ​ഗ്രാം റീലിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പകരം വീട്ടാൻ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലിൽ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്. അതുൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ലഭ്യമല്ല. ഈ റീലിന് താഴെ വന്ന കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്. 

ENGLISH SUMMARY:

Aluva Atul murder in Karunagappally has revealed shocking details about the brutal killing. This sensational crime occurred while Atul, out on bail for the Jim Santosh murder case, was returning after signing at the police station.