തിരുവല്ല സ്പായിലെ ബലാല്‍സംഗം ക്വട്ടേഷന്‍ ആണെന്നുറപ്പില്ലെന്ന് പത്തനംതിട്ട എസ്പി: ആര്‍.ആനന്ദ് . സ്പാ ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. പൊലീസുകാരുടെ സ്പാ ബന്ധങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്പായിൽ നടന്നത് അതിക്രൂര പീഡനമെന്ന് തെളിഞ്ഞു. കഴുത്തിൽ കത്തി വെച്ച് പീഡിപ്പിച്ചപ്പോൾ അലറി കരഞ്ഞിട്ടും സഹപ്രവർത്തകർ പോലും രക്ഷയ്ക്ക് എത്തിയില്ലെന്ന് അതിജീവിത മനോരമ ന്യൂസിനോട്. ബിസിനസ് തകർക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്ന് സ്പാ ഉടമ ഡോ.സഞ്ജയ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ മറ്റൊരു സ്പാ ഉടമയാണെന്ന് സംശയിക്കുന്നെന്നും ഇവര്‍ പറഞ്ഞു. ഒന്നാംപ്രതി മരണ സുബിന് മേൽ വീണ്ടും കാപ്പ ചുമത്താനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.
Also Read: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു, പൊലീസിനുനേരെ നായകളെ വിട്ട് ടെറസിലിരുന്നു
50,000 രൂപ ആവശ്യപ്പെട്ടാണ് ഞായറാഴ്ച മരണ സുബിനും കൂട്ടരും സ്പായിലെത്തിയത്. സുബിൻ സ്പാ ജീവനക്കാരിയെ ശരീരമാസകലം മർദിച്ച ശേഷം പീഡിപ്പിച്ചു. സ്പായിലെത്തിയ കസ്റ്റമറെയും നഗ്നമാക്കി ഇരുവരുടെയും നഗ്നചിത്രങ്ങൾ പകർത്തി. നടന്നത് ക്വട്ടേഷനാണെന്നും ഉന്നത സ്വാധീനമുള്ളതിനാൽ ആരെയും ഭയമില്ലെന്നും സുബിൻ പറഞ്ഞെന്ന് അതിജീവിത വെളിപ്പെടുത്തി. ജീവനക്കാർ ഒത്താശ ചെയ്തെന്നും കരഞ്ഞു വിളിച്ചിട്ടും ആരും സഹായത്തിന് എത്തിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ശരീരമാസകലം വേദനയുള്ള അതിജീവിത ആശുപത്രിയിൽ വൈദ്യസഹായം തേടി.
പൊലീസുകാരും സ്പായിൽ നിന്ന് പണപ്പിരിവ് നടത്തി എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇക്കാര്യവും അന്വേഷിക്കും.