ദീപക്കിന്‍റെ ആത്മഹത്യയില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്. പ്രതിയെ കുന്ദമംഗലം കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. ഷിംജിതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിലെത്തിച്ചത്.
മെഡിക്കൽ കോളജ് പൊലീസ് വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ നാടകീയമായി പിടികൂടിയത്. പൊലീസ് ജീപ്പ് ഒഴിവാക്കി മെഡിക്കൽ കോളജ് എസ്.ഐ വിആർ അരുണിന്റെ കാറിൽ വടകരയിൽ നിന്നാണ് ഷിംജിതയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഷിംജിതയ്ക്ക് അർഹിച്ച ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്‍റെ ആവശ്യം. കോഴിക്കോട് ജില്ലാകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ് സംഘം തന്ത്രപൂര്‍വം കുടുക്കിയത്.
കൊയിലാണ്ടിയിൽ നിന്ന് ഷിംജിതയെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിക്കുമെന്ന് കരുതി സ്റ്റേഷനിൽ വൻ ജനകൂട്ടമായിരുന്നു. അറസ്റ്റിലെ നാടകീയ അടക്കം ചൂണ്ടിക്കാട്ടി ഷിംജിതയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്റ്റേഷന് മുന്നിൽ ബി.ജെ.പി പ്രതിഷേധമുണ്ടായിരുന്നു.