balachandran-policeofficer

പ്രതിക്ക് ഇരയോടോ തിരിച്ചോ ഒരു നിമിഷത്തേക്കെങ്കിലുമുണ്ടാകുന്ന  വൈരാഗ്യമാണ്  പലപ്പോഴും ഒരു കൊലപാതകത്തിന് പ്രേരണയാകുന്നത് . മറ്റു ചിലകേസുകളില്‍ ഇരയോട് വൈരാഗ്യമുള്ളയാളുമായി  പ്രതിക്ക്  ബന്ധമുണ്ടായേക്കാം. എന്നാല്‍   സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ കൊലപ്പെടുത്തിയ  22പേരും അയാളെ  അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. മോഹന്‍ നല്‍കിയ കൊടുംവിഷവുമായി ടോയ്‌ലറ്റിലേക്ക്  നടന്നുപോകുന്ന ഒരോ പെണ്‍കുട്ടിയുടേയും മനസില്‍ സുന്ദര ദാമ്പത്യത്തെ കുറിച്ചുള്ള പ്രതീക്ഷകളും  മോഹങ്ങളും സ്വപ്നങ്ങളും  തളിരണിഞ്ഞ് നിന്നിരുന്നു. പുറത്ത് സൗമ്യനായി തോന്നിച്ചിരുന്ന ആ കൊലയാളിയുടെ ഉള്ളിലെ ക്രൂരതയുടെ കാഠിന്യം അവര്‍ക്കാര്‍ക്കും തിരിച്ചറിയാനായില്ല. മുഖം മനസിന്‍റെ കണ്ണാടിയെന്ന  ആപ്തവാക്യം അവര്‍ക്കോരോരുത്തര്‍ക്കും  നിരര്‍ഥകമായിരുന്നു എന്ന് ചുരുക്കം.

സയനഡ് മോഹന്‍ എന്ന ക്രൂരനായ കൊലയാളിയെ മുന്നിലിരുത്തി ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ മുന്‍ എസ്ഐ ബാലചന്ദ്രന്‍ അരവത്ത് എന്ന പൊലീസ് ഓഫിസറുടെ വാക്കുകളാണിത്. ഇപ്പോള്‍ കാസര്‍കോട് ബേക്കലില്‍ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം മോഹനെ ചോദ്യം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു.

‘2009 ൽ കുമ്പള പോലീസ് സ്റ്റേഷനിൽ S.C.P.O. ആയി ജോലിചെയ്ത് വരുന്ന സമയം 4 യുവതികളെ കാണാതായത് സംബന്ധിച്ച് കർണാടകയോട് ചേർന്ന് കിടക്കുന്ന കുമ്പള. മഞ്ചേശ്വരം. ആദൂർ. ബദിയടുക്ക എന്നീ പോലീസ് സ്റ്റേഷനുകളിൽ  മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന സമയം. കേരള കര്‍ണാടക അതിര്‍ത്തിയില്‍ മംഗലാപുരം താലൂക്കില്‍ ഉള്‍പ്പെട്ട  ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത  മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ  മോഹൻകുമാർ എന്നയാളെ ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തു. മോഹൻകുമാറിന്‍റെ  ശീലം   25 വയസ്സിന് മുകളിൽ പ്രായമായ അവിവാഹിതരായ സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ചശേഷം കൊലപ്പെടുത്തുന്നതായിരുന്നു.  ഇത്തരത്തില്‍ ഇയാള്‍ കണ്ടെത്തുന്ന സ്ത്രീകളെ   പ്രലോഭിപ്പിച്ച് കർണാടകയിലെ വിവിധ  സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ ഏതെങ്കിലും ലോ‍ഡ്ജുകളില്‍ തങ്ങി അവരുമായി  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് അവര തന്ത്രപരമായി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുവകകള്‍ അപഹരിക്കും.

2009 ഒക്ടോബര്‍ 23ന്  മോഹൻ കുമാറിനെ ബണ്ട്വാൾ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഈ സമയത്താണ് കേരളത്തില്‍  റജസ്റ്റര്‍ ചെയ്ത 4കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹന്‍കുമാറിനെ ചോദ്യം ചെയ്യുന്നത്. അന്ന്  കുമ്പള സർക്കിൾ ഇൻസ്പെക്ടർ കെ . ദാമോദരനൊപ്പം ബണ്ട്വാൾ പോയി മോഹൻ കുമാറിനെ ചോദ്യം ചെയ്തു.

‌ഇത്തരത്തിലുള്ള ഒരു കൊടുംകുറ്റവാളിയെ ചോദ്യം ചെയ്യുമ്പോള്‍ അവരിൽ നിന്നും കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ദുഷ്കരമാണ്. എന്നാൽ പ്രതീക്ഷിച്ചതില്‍ നിന്നും വളരെ വിഭിന്നനായിരുന്നു മോഹന്‍കുമാര്‍.  ചെയ്ത കൊലപാതകങ്ങൾ ഏതൊക്കെയാണെന്ന് അയാള്‍  ഓർത്തെടുത്തു. ഒരു കൊലപാതകം പോലും മറച്ചു വെക്കാൻ അയാൾ ശ്രമിച്ചില്ലെന്നത് ഏവരെയും അദ്ഭുതപ്പെടുത്തി. താൻ എന്നെങ്കിലും പിടിക്കപ്പെട്ടാൽ അതോടെ തന്‍റെ മറ്റെല്ലാ സുഖസൗകര്യങ്ങളും അവസാനിക്കും. അതിനാല്‍  പിടിക്കപ്പെടുന്നത് വരെ പരമാവധി  സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അവരെ കൊലപ്പെടുത്തി അവരുടെ വസ്തുവകകൾ കൈക്കലാക്കി സുഖിച്ച് ജീവിക്കുക എന്നുള്ളതായിരുന്നു  അയാളുടെ പദ്ധതി.

അതുവരെയുള്ള ജീവിത രീതികളും കുടുംബ പശ്ചാത്തലവും വിശദീകരിച്ചതിനൊപ്പം  അയാൾ എങ്ങനെ ഈ കൊലപാത പരമ്പരകളിലേക്ക്  കടന്നുവന്നു എന്നതും  നിസ്സങ്കോചം  വിശദീകരിച്ചു.  കളങ്കാവല്‍ സിനിമയിലെ സ്റ്റാൻലി ദാസിന്‍റെ ക്രൂരതയെ താരതമ്യം ചെയ്താൽ അത് തുലോം കുറവാണ്.

2009 ൽ  ചോദ്യം ചെയ്യുന്ന സമയം മോഹൻ കുമാറിന് 46 വയസ്സായിരുന്നു. ഇപ്പോൾ അയാൾക്ക് 62 വയസ്സായി കാണും. മോഹൻകുമാർ കർണാടകയിലെ ബണ്ട്വാൾ താലൂക്കിൽ കന്യാന എന്ന സ്ഥലത്ത് ജനിച്ചു വളർന്ന ആളായിരുന്നു.  യൗവനാരംഭത്തിൽ തന്നെ അയാൾ. Compulsive Sexual Disorder അല്ലെങ്കിൽ Hypersexual Disorder എന്ന അവസ്ഥയിൽ ആയിരുന്നിരിക്കണം. അയാൾ 3 സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. സർവീസിലിരിക്കെ മംഗലാപുരം ടീച്ചേഴ്സ്  ട്രെയിനിങ് സെന്ററില്‍ നിന്ന്  അധ്യാപന പരിശീലനം പൂര്‍ത്തീകരിച്ചു. തുടർന്ന് ബണ്ട്വാളിന് അടുത്തുള്ള ബെടക്കോട്ട് ഗവൺമെൻറ് പ്രൈമറി സ്കൂളിൽ ജോലി ചെയ്യു. ഈ സമയം ബിസി റോഡിനടുത്തുള്ള മാണി എന്ന സ്ഥലത്തെ ഒരു സ്ത്രീയുമായി (പേര് പരാമർശിക്കുന്നില്ല) പരിചയപ്പെടുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. മൂന്ന് സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചിരുന്ന മോഹൻകുമാറിന് നാലാമത്തെ സ്ത്രീയുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്നും നിന്നും വളരെ വിഭിന്നമായ ഒരു ലൈംഗിക അനുഭൂതിയാണ് ലഭിച്ചത്. തന്റെ മറ്റ്  വിവാഹ ബന്ധങ്ങള്‍ എല്ലാം മറച്ച് വച്ചായിരുന്നു മോഹൻകുമാർ ഈ ബന്ധം തുടർന്നത്.

cyanade-mohan

Read Also: പിടഞ്ഞു വീണത് 20 യുവതികള്‍; ലൈംഗികബന്ധത്തിന് ശേഷം കൊല; സയനൈഡ് മോഹന്റെ ക്രൂരത


ധർമ്മസ്ഥലയിലെ ഒരു ലോഡ്ജിൽ വച്ച് ആ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് അവര്‍ വിവാഹ കാര്യത്തിൽ ഉറപ്പു നൽകുവാൻ അയാളോട് ആവശ്യപ്പെട്ടു.  മോഹന്‍ അത് നിരസിച്ചതിനെത്തുടർന്ന് അവിടെവച്ച്  തര്‍ക്കമുണ്ടായി. തുടർന്ന് ആ സ്ത്രീ ആത്മഹത്യാ ശ്രമവും നടത്തി. ഈ വിവരം നാട്ടുകാർ ധർമ്മസ്ഥല പോലീസിനെ  അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും,  സ്ത്രീയുടെ പരാതി പ്രകാരം മോഹൻ കുമാറിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ആ കേസിൽ മോഹൻകുമാർ 75 ദിവസത്തോളം റിമാൻഡ് തടവുകാരനായി മംഗലാപുരം ജയിലിൽ കിടന്നു. ജയിലിൽ വച്ച് പരിചയപ്പെട്ട ഒരു സ്വർണപ്പണിക്കാരനാണ് മോഹന്‍കുമാറിന്റെ സയനൈഡ് മോഹനനിലേക്കുള്ള രൂപപരിണാമത്തിന് കാരണക്കാരന്‍

ഇയാളില്‍ നിന്ന്  ആകസ്മികമായാണ് സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന സയനൈഡ് എന്ന മാരകവിഷത്തെ പറ്റി മോഹനൻ കുമാർ മനസ്സിലാക്കുന്നത്. കർണാടകയിലെ പുത്തൂരിൽ ഉള്ള ഒരു ജ്വല്ലറിയിൽ പോയി "ബില്ലെ" എന്ന കോഡ് വാക്ക് പറഞ്ഞ് താൻ സ്വർണ്ണപ്പണിക്കാരൻ ആണെന്ന് പരിചയപ്പെടുത്തിയാൽ അവിടുന്ന് പൗഡർ രൂപത്തിലുള്ള സയനൈഡ് ലഭിക്കും എന്ന് മോഹൻകുമാർ ആ സ്വർണ്ണപ്പണിക്കാരനിൽ നിന്നും മനസ്സിലാക്കി.  അപ്പോഴേക്കും മോഹൻകുമാർ പൂർണമായും ഹൈപ്പർ സെക്ഷ്വൽ ഡിസോഡർ എന്ന അവസ്ഥയിൽ എത്തിയിരുന്നു. അതോടെ പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ശ്രമമായി.  ഈ ചിന്ത ഒരു മനോവൈകല്യമായി വളര്‍ന്നതോടെ അയാളിലെ ക്രിമിനല്‍ തലപൊക്കി.

ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ മോഹൻകുമാർ സ്വർണ്ണപ്പണിക്കാരൻ പറഞ്ഞ പുത്തൂരിലെ ആ ജ്വല്ലറിയിൽ പോയി.  സ്വർണപ്പണിക്കാരനാണെന്ന്  പരിചയപ്പെടുത്തി സയനൈഡിനുള്ള കോഡ് വാക്ക് പറഞ്ഞ് കൊടുംവിഷം  സ്വന്തമാക്കി . സയനൈഡ് കൈക്കലാക്കിയ മോഹൻകുമാർ തന്റെ ലൈംഗിക ആസക്തി അടക്കുന്നതിന്  പുതിയ ഇരകളെ അന്വേഷിച്ച്  കർണാടകയിലെ ഒറ്റപ്പെട്ട ഉൾഗ്രാമങ്ങളിൽ കൂടി സഞ്ചരിച്ചു. എവിടെയെങ്കിലും വിവാഹമോ ആൾക്കൂട്ടമോ കാണുമ്പോൾ അവിടെ ഇറങ്ങി താൻ ആ പരിപാടിയിൽ പങ്കെടുക്കാൻ വന്നയാളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പെരുമാറി . അവിടെയുള്ള 25 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ പരിചയപ്പെടാനും തുടങ്ങി. ഇങ്ങനെ പരിചയപ്പെടുന്നവരെയാണ് അയാള്‍ സ്നേഹത്തില്‍ കുരുക്കി കൊലപ്പെടുത്തിയിരുന്നത്

ഒരു സ്ത്രീയെ കൊന്നു കഴിഞ്ഞാല്‍ 3 ദിവസം വരെ താൻ മൂഡ് ഓഫ് ആയിരിക്കുമെന്നും വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തി അടുത്ത ഇരയുമായുള്ള സല്ലാപം തുടങ്ങും എന്നും മോഹൻകുമാർ ചോദ്യ ചെയ്യലിനിടെ സമ്മതിച്ചു. ഒരിക്കല്‍ ഒരുസ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭധാരണം ഒഴിവാക്കുന്നതിനുള്ള ഗുളിക എന്ന രീതിയില്‍  അവര്‍ക്ക് സയനൈഡ് നല്‍കി. ബാത്ത് റൂമില്‍ പോയി അത് കഴിക്കാനും ആവശ്യപ്പെട്ടു . എന്നാല്‍ ആ സ്ത്രീ അത് കഴിക്കാതെ തിരികെ വന്നു.  സംശയം തോന്നിയതിനാലാണ് അവര്‍ അത് കഴിക്കാതിരുന്നത് . മോഹന്‍ തന്ത്രപൂര്‍വം അത് തിരികെ വാങ്ങി . തുടര്‍ന്ന് സംശയനിവാരണത്തിനായി കയ്യില്‍ കരുതിയിരുന്ന അപ്പക്കാരം സ്വയം കഴിച്ചു കാണിച്ചു. അങ്ങനെ വിശ്വാസം ഉറപ്പിച്ച ശേഷം അവര്‍ക്ക് വീണ്ടും സയനൈഡ് നല്‍കി കഴിക്കാന്‍ ആവശ്യപ്പെട്ടു. മോഹനെ ഇക്കുറി വിശ്വസിച്ച യുവതി വീണ്ടും സയനൈഡ് വാങ്ങി ബാത്ത് റൂമില്‍ പോയി അത് കഴിച്ചു. അവര്‍ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചശേഷം മടങ്ങി.

2006 മുതല്‍ കേരളത്തില്‍ നിന്നും ഇയാള്‍ സ്ത്രീകളെ വരുതിയിലാക്കി കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അയാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഇത് പുറംലോകം തിരിച്ചറിയുന്നത്. അതില്‍ചില സ്ത്രീകളുടെ ബന്ധുക്കളെ അന്വേഷണസംഘം  കണ്ടെത്തി. കുടുംബത്തില്‍ നിന്ന് ഇത്തരത്തിലൊരാളെ കാണാതായത് സംബന്ധിച്ച് പലരം പരാതി പോലും ഉന്നയിച്ചിട്ടില്ലെന്ന് അവരെ ചോദ്യം ചെയ്തതില്‍ നിന്ന് ബോധ്യപ്പട്ടു. എത്രകരുതലോടെയാണ് മോഹന്‍കുമാര്‍ ഇരകളെ തിരഞ്ഞെടുത്തിരുന്നതെന്ന്  ഇതില്‍ നിന്ന് വ്യക്തം.

ENGLISH SUMMARY:

Cyanide Mohan is a notorious serial killer known for his manipulative tactics and heinous crimes. This article delves into the psychological aspects of Mohan Kumar, exploring potential links to compulsive sexual disorder and shedding light on the investigation led by police officers.