ഗർഭിണിയായ യുവതിയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സിഐ പ്രതാപ ചന്ദ്രനില്‍ നിന്ന് മോശം അനുഭവം നേരിട്ടവര്‍ പരാതികളുമായി രംഗത്ത്. ഇയാള്‍ക്കൊരു പ്രത്യേകതയുണ്ട്. ആരോടെങ്കിലും എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അപ്പുറത്തുള്ളവര്‍ പെട്ടത് തന്നെ. കാരണം മറ്റൊന്നുമല്ല, ആ ചോദ്യത്തിന് മറുപടി പറഞ്ഞാലും, പറഞ്ഞില്ലെങ്കിലും അടി എന്നതാണ് പ്രതാപ ചന്ദ്രന്റെ സ്ഥിരംശൈലി!. സിഐഡി മൂസയില്‍ ജഗതിയുടെ കഥാപാത്രം പറയും പോലെ എന്ത് പറഞ്ഞാലും അടി! അതാണ് പ്രതാപന്‍റെ രീതി. ഇത് പറയുന്നത് ദുരനുഭവം നേരിട്ട പരാതിക്കാര്‍ തന്നെയാണ്. ഇയാളുടെ അടിയും അനാവശ്യമായ ദേഷ്യപ്പെടലും മൂലം ഡിപ്പാര്‍ട്ട്മെന്‍റില്‍ അറിയപ്പെടുന്നത് ‘മിന്നൽ പ്രതാപൻ’ എന്നാണ്.
എറണാകുളം നോർത്ത് സിഐ ആയി ചാര്‍ജെടുത്തതോടെയാണ് പ്രതാപ ചന്ദ്രന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ആളാവുന്ന പരിപാടി സജീവമാക്കിയത്. ഗർഭിണിയുടെ മുഖത്തടിച്ചത് ഇയാൾ നോർത്ത് പൊലീസിൽ ഉള്ളപ്പോഴാണ്. 2023ൽ നിയമവിദ്യാർഥി പ്രീതി രാജിന് ഇയാളില്‍ നിന്ന് മോശം അനുഭവമുണ്ടായി. ‘‘ സുഹൃത്തായ വനിതാ എസ്ഐയെ കാണാനാണ് ഞാന്‍ ബൈക്കിൽ നോർത്ത് സ്റ്റേഷനില്‍ വന്നത്. വണ്ടി അവിടെ വെക്കാന്‍ നോക്കുമ്പോഴേക്കും യൂണിഫോമിലല്ലാതെ നിന്ന പ്രതാപ ചന്ദ്രന്‍ എന്നെ വിളിച്ചു. ആളുടെ അടുത്തേക്ക് ബൈക്ക് ഓടിച്ചു ചെന്നപ്പോൾ ഹെൽമറ്റ് ശരിയല്ലെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെ തട്ടിക്കയറി. ഈ ഹെൽമറ്റ് കുറെക്കാലമായി ഉപയോഗിക്കുന്നതാണെന്നും, പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും തിരികെ പറഞ്ഞതോടെ അയാള്‍ എന്റെ ഫോട്ടോ എടുത്തു. എന്റെ ഫോട്ടോ എടുക്കേണ്ട ആവശ്യമെന്താണെന്നും, ബൈക്കിന്റെ എടുത്താല്‍ പോരേ എന്ന് ചോദിച്ചതോടെ പ്രതാപ ചന്ദ്രന്‍റെ വായിൽനിന്നു വന്നത് പറയാനാവാത്ത തരം തെറിയാണ്. കൂട്ടുകാരിയായ വനിതാ എസ്ഐ ആ സമയം അവിടെക്ക് എത്തി. ഇല്ലെങ്കില്‍ അയാൾ എന്നെ തല്ലിയേനെ’’– പ്രീതി വ്യക്തമാക്കുന്നു.
മാൻപവർ സപ്ലൈ കമ്പനിയിലെ ജീവനക്കാരനായ റിനീഷിനെ 2023 ഏപ്രിലിലാണ് ഒരു കാരണവുമില്ലാതെ പ്രതാപചന്ദ്രൻ അടിച്ചത്. ഉച്ചയ്ക്ക് ചൂട് സഹിക്കവയ്യാതെ എറണാകുളം നോർത്ത് പാലത്തിനടിയില്‍ ഇരിക്കുകയായിരുന്നു റിനീഷ്. രണ്ടു പൊലീസുകാർ അവിടെ എത്തി എന്താണ് ഇവിടെ ഇരിക്കുന്നത് എന്നു ചോദിച്ചു. അവരോട് സംസാരിക്കവേയാണ് പ്രതാപചന്ദ്രൻ വന്നത്. പോക്കറ്റിലെന്താണെന്ന് ചോദിച്ചപ്പോൾ ഹെഡ് സെറ്റാണ് അതെന്ന് മറുപടി പറഞ്ഞു. അത് എടുത്ത് കാണിക്കാന്‍ നോക്കവേ അപ്രതീക്ഷിതമായി ലാത്തി കൊണ്ടടിച്ചു. ശേഷം പ്രതാപചന്ദ്രൻ കൈ ചുരുട്ടി മുഖത്തടിച്ചു. പിന്നെ അടിയോടടി ആയി. എതിര്‍ത്തതോടെ സ്റ്റേഷനിൽ കൊണ്ടുപോയി. ഛർദിച്ചപ്പോഴാണ് റിനീഷിനെ ആശുപത്രിയിൽ കൊണ്ടുപോയത്.
2023 ജൂലൈയില്‍ പ്രൈവറ്റ് ബസ് ബാനർജി റോഡിൽ വച്ച് ഒരു കാറിനു പിന്നിലിടിച്ചു. കാറുകാരന്‍ പെട്ടെന്ന് നിര്‍ത്തിയതാണ് ഇടിക്കാന്‍ കാരണമെന്ന് ഡ്രൈവർ അജ്മലും കണ്ടക്ടർ ജിഷ്ണു രാജും പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും തര്‍ക്ക പരിഹാരത്തിനായി നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. പിന്നെ നടന്നത് ക്രൂര മര്‍ദനമാണെന്ന് ഇരുവരും പറയുന്നു.
ഇരു കരണത്തും ശക്തമായ അടിയാണേറ്റത്, അടിവയറ്റിൽ മുഷ്ടി ചുരുട്ടി ഇടിച്ചു, കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് നട്ടെല്ലിനു ക്ഷതമേൽപ്പിച്ചു. അജ്മലിന്റെ താടിരോമങ്ങൾ നീട്ടി വളർത്തിയിരുന്നു. അത് പ്രതാപചന്ദ്രന് ഇഷ്ടമായില്ല. അത് പിഴുതു പറിച്ചെടുത്തു. കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.