നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന മാര്‍ട്ടിന്‍ പോസ്റ്റ് ചെയ്ത വിഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകുമെന്ന് പൊലീസ്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് കാട്ടി, അതിജീവിതയുടെ പേരു വെളിപ്പെടുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ വിഡിയോ ചെയ്തത്. ഇയാള്‍ക്കെതിരെ തൃശൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനാണ്.
കോടതി ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിച്ചിട്ടും, ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും, അത് കെട്ടുകഥയാണെന്നും പറഞ്ഞാണ് മാര്‍ട്ടിന്‍ വിചിത്രമായ വിഡിയോ പുറത്തിറക്കിയത്. അതിജീവിതയുടെ പരാതിയില്‍ സൈബര്‍ പൊലീസാണ് മാര്‍ട്ടിനെതിരെ കേസെടുത്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നില്‍ സംഘടിത ശ്രമമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.
വിഡിയോ ഷെയര്‍ ചെയ്തവരും പിടിക്കപ്പെടുമെന്നാണ് ഇക്കാര്യത്തില്‍ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്. വിഡിയോ ഷെയര്‍ ചെയ്തവരെപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. 27 നവമാധ്യമ അക്കൗണ്ടുകളാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ഇവരെ, പ്രതിയാക്കി കേസെടുക്കാന്‍ നടപടിയും ആരംഭിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
മാര്‍ട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും, അയാള്‍ പറയുന്നത് വസ്തുതയ്ക്ക് നിരക്കുന്ന കാര്യമല്ലെന്ന് കാട്ടി പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, അതിജീവിത തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയ്ക്കു പരാതി നല്‍കിയത്.