സ്പായില്‍ പോയ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയില്‍ നിന്ന് പണം തട്ടിയ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെതിരെ മുൻപും പരാതി. പീഡനക്കേസിൽ പ്രതിയായ യുവാവിൽ നിന്ന് സ്വർണവും പണവും തട്ടാൻ ബൈജുവിന്റെ ശ്രമം.
പരാതിക്കാരിക്ക് എട്ട് പവൻ സ്വർണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ബൈജു സമ്മർദ്ദം ചെലുത്തി. ആവശ്യം നിരസിച്ചതോടെ ജാമ്യം റദ്ദാക്കി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവാവ് മനോരമ ന്യൂസിനോട്. തന്നെ കുടുക്കിയതാണെന്ന് വ്യക്തമാക്കുന്ന ബൈജുവിന്റെ ഫോൺ സംഭാഷണം സഹിതം യുവാവ് ഡിജിപിക്ക് പരാതി നൽകി. യുവാവിന്റെ പരാതിയിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബൈജുവിന്റെ പുതിയ തട്ടിപ്പ്.
പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയകേസിൽ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. ഷിഹാമും സ്പായിലെ ജീവനക്കാരി രമ്യയും എസ്ഐ ബൈജുവുമാണ് കേസിലെ പ്രതികൾ. കേസെടുത്തതിന് പിന്നാലെ ബൈജുവും രമ്യയും ഒളിവിൽ പോയി. പൊലീസുകാരനിൽ നിന്ന് തട്ടിയ നാല് ലക്ഷത്തിൽ രണ്ട് ലക്ഷം രൂപയും ബൈജുവാണ് കൊണ്ടുപോയത്. സമാനമായി സംഘം പലരിൽ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്.