എഐ ചിത്രം
സ്വകാര്യ ബസ്സില്‍ ദേശീയ ഷൂട്ടിങ് താരത്തിന് നേരെ ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും ലൈംഗികാതിക്രമം. നവംബര്‍ 16-ന് രാത്രി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവമുണ്ടായത്. കേസില്‍ ഡ്രൈവര്‍മാരായ അരവിന്ദ് വര്‍മ (35), പരമേന്ദ്ര ഗൗതം (52) എന്നിവരെയും ദീപക് മാളവ്യയെയും മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. മൂവരും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദേശീയ ഷൂട്ടിങ് മത്സരം കഴിഞ്ഞ് ഭോപ്പാലില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്.
യുവതി ഇരിക്കുന്ന സീറ്റിനടുത്തെത്തിയ രണ്ടാം ഡ്രൈവര്‍ ശരീരത്തില്‍ അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.
രാത്രിയായതോടെ കണ്ടക്ടറും ഡ്രൈവറും യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിസിപി രാജേഷ് ദണ്ഡോതിയ മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമങ്ങള്‍ക്കിടെ ജീവന്‍ പണയം വെച്ച് പരിഭ്രാന്തയായി ബസില്‍ തന്നെ ഇരുന്ന യുവതി പുലര്‍ച്ചെ 1.30ന് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസിനെ കണ്ടതോടെ ചാടിയിറങ്ങി വിവരം അറിയിച്ചത്.
യുവതി പൊലീസിനോട് സംസാരിക്കുന്നത് കണ്ട് ഭയന്ന ഡ്രൈവര്‍മാരും കണ്ടക്ടറും ബസ് ഉപേക്ഷിച്ച് ഓടി. ഇതോടെ ബസിലെ യാത്രക്കാര്‍ പാതിരാത്രിയില്‍ വഴിയില്‍ കുടുങ്ങി. പൊലീസ് പകരം ബസ് ജീവനക്കാരെ ഏര്‍പ്പാടാക്കിയാണ് മറ്റ് യാത്രക്കാരെ വീടുകളിലെത്തിച്ചത്.