തൃശൂർ ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് ഭാര്യ ജീജി മാരിയോ. കുടുംബപരമായ പ്രശ്നമല്ലെന്നും പ്രഫഷനൽ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും ജീജി മാരിയോ മനോരമ ന്യൂസിനോട് പറഞ്ഞു .
കുടുംബ വഴക്കുകൾ പരിഹരിക്കുന്നതിന് സമൂഹമാധ്യമങ്ങളിലൂടെ ഉപദേശങ്ങൾ നൽകിയിരുന്ന ദമ്പതികൾ ആയിരുന്നു മാരിയോ ജോസഫും ജീജി മാരിയോയും. ഇരുവരും ചാലക്കുടിയിൽ ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിക്കൊണ്ടു വരികയായിരുന്നു. ഇതിനിടയിലാണ് തൊഴിൽ സംബന്ധമായ തർക്കങ്ങൾ ഉണ്ടാകുന്നത്. അത് പരിഹരിക്കുന്നതിന് ജീജി ഒക്ടോബർ 25ന് ഭർത്താവിന്റെയടുത്തെത്തി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി. ഇതിനിടയിൽ ഭർത്താവ് ക്യാമറയുടെ ഡിവിആർ ഉപയോഗിച്ച് തലയിൽ അടിച്ചെന്ന് ജീജി ആരോപിക്കുന്നു.
സത്യം പുറത്തു കൊണ്ടുവരാൻ നിയമപരമായി മുന്നോട്ടു പോകുമെന്നും ഫിലോക്കാലിയ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സംരക്ഷിക്കുമെന്നും ജീജി കൂട്ടിച്ചേർത്തു.