edakara-honetrap

ഹണിട്രാപ്പിന് പിന്നാലെ മലപ്പുറം എടക്കര പളളിക്കുത്ത്  സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. 

മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിക്കുന്നു. ജൂൺ പതിനൊന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ വ്യവസായിയാണ് രതീഷ്. 

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്.

പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ പറയുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച പരാതി പൊലീസിനു നൽകിയിരുന്നു. വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

Honey trap case leads to suicide, resulting in arrests. The investigation revealed a scheme involving extortion and blackmail, leading to the tragic death of the victim.