Untitled design - 1

നിമിഷ നേരംകൊണ്ട് നോട്ടുകെട്ടുകള്‍ വാങ്ങി ബസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപനെ കൊച്ചിയിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പൊക്കിയത്. ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവ് പലതും പയറ്റി.

ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. "ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ". വിജിലന്‍സിന്‍റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.

കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി. ലക്ഷങ്ങളുടെ കളി മാത്രം തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട തസ്തികയായതുകൊണ്ടു തന്നെ ഒന്ന് കണ്ണടച്ചാല്‍ പോക്കറ്റില്‍ നിറയുന്നത് ലക്ഷങ്ങള്‍. ആ പദവി പ്രദീപന്‍ അറിഞ്ഞ് മൊതലാക്കുന്നുണ്ടെന്ന് വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പേ പ്രദീപന്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായി. നാല് നില അപ്പാര്‍ട്ട്മെന്‍റ് നിര്‍മിച്ച കെട്ടിടമുടമയില്‍ നിന്നാണ് ഇത്തവണ പ്രദീപന്‍ കൈക്കൂലി വാങ്ങിയത്.

കെട്ടിടത്തിന് നല്‍കിയ താത്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തി നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ പത്ത് ലക്ഷം രൂപയുടെ ഉപകരണം കെട്ടിടത്തില്‍ സ്ഥാപിക്കേണ്ടതുണ്ട്. അഞ്ച് ലക്ഷം കൈക്കൂലി നല്‍കിയാല്‍ ഈ ഉപകരണം ഇല്ലാതെ തന്നെ കണക്ഷന്‍ നല്‍കാമെന്നായിരുന്നു പ്രദീപന്‍റെ വാഗ്ദാനം. വിജിലന്‍സിന്‍റെ എന്‍ട്രി പലതവണ ഓഫീസ് കയറിയിറങ്ങിയിട്ടും കൈക്കൂലിയില്ലാതെ കാര്യം നടക്കില്ലെന്ന് പ്രദീപന്‍ നിലപാടെടുത്തതോടെ ഉടമ വിജിലന്‍സിനെ സമീപിച്ചു. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ നീങ്ങിയത് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍. പണത്തിനായി പ്രദീപന്‍ പലതവണ ഉടമയെ വിളിച്ചു. വിലപേശി അവസാനം ഒന്നരലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു. ഈ വിലപേശല്‍ ഉടമ നടത്തിയത് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം. എല്ലാം തെളിവുകളാക്കി വിജിലന്‍സ് നടപടികള്‍ തുടര്‍ന്നു.

അങ്ങനെ ബുധനാഴ്ച കൈക്കൂലിയുടെ ആദ്യ ഘഡു തൊണ്ണൂറായിരം രൂപ കൈമാറാന്‍ പ്രദീപന്‍റെ നിര്‍ദേശം. അന്ന് വിളിച്ചാല്‍ സമയവും സ്ഥലവും പറയാമെന്ന് പ്രദീപന്‍ ഉടമയെ അറിയിച്ചു. പാത്തും പതുങ്ങിയും നീക്കം ഉച്ചയ്ക്ക് ശേഷം പണം കൈമാറാന്‍ ധാരണയായി. എംജി റോഡില്‍ തേവര പൊലീസ് സ്റ്റേഷന്‍ പരിസരമാണ് കൈക്കൂലി വാങ്ങാന്‍ പ്രദീപന്‍ തിരഞ്ഞെടുത്ത സ്ഥലം. പണവുമായി ഉടമയും ഒപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്ത് നിലയുറപ്പിച്ചു. അഞ്ച് മണിയായിട്ടും പ്രദീപന്‍ വിളിച്ചില്ല. ഇതോടെ ഉടമ തിരിച്ചുവിളിച്ചു. കാത്ത് നിന്ന് മടുത്തു പൊക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ വെയ്റ്റ് എന്ന് മറുപടി. ഓഫിസില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ പ്രദീപന്‍ ആദ്യം തെവര ഫെറി റോഡിന് സമീപത്തെ ഹോട്ടലിനടുത്ത് ആദ്യമെത്തി. അവിടെ ഒന്ന് പരുങ്ങിയ ശേഷം പതുക്കെ എംജി റോഡ് ലക്ഷ്യമാക്കി മുന്നോട്ട്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രദീപന് നിരീക്ഷിച്ച് സ്ഥലത്തുണ്ടായിരുന്നു. അതിവേഗത്തില്‍ നടന്ന് നീങ്ങിയ പ്രദീപന്‍ ഞൊടിയിടയില്‍ റോഡ് മുറിച്ചുകടന്ന് സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സറ്റോപ്പിലെത്തി. പണവുമായി ഇവിടെ കാത്തു നില്‍ക്കാനായിരുന്നു ഉടമയ്ക്ക് പ്രദീപന്‍ നല്‍കിയ നിര്‍ദേശം. ഇവിടെ ബസ് സ്റ്റോപ്പിന് പുറകിലേക്ക് മാറി നിന്ന് പ്രദീപന്‍ നോട്ടുകെട്ടുകള്‍ വാങ്ങി. ഓകെ എന്ന് പറഞ്ഞ് ചാടിയിറങ്ങിയ പ്രദീപന്‍ അതുവഴി വന്ന ബസിന് കൈനീട്ടി ഓടിക്കയറാന്‍ ശ്രമിച്ചു. ബസ് സ്റ്റോപ്പില്‍ രണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നില്‍പുണ്ടായിരുന്നു. ഒപ്പം ഗസ്റ്റഡ് ഓഫിസറായ വനിതയും യാത്രക്കാരിയേ പോലെ സ്റ്റോപ്പില്‍.

ബസിലേക്ക് കയറാന്‍ പോയ പ്രദീപനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വളഞ്ഞു പിടിച്ചുവെച്ചു. ഈ സമയത്തായിരുന്നു പ്രദീപന്‍റെ ആ ഡയലോഗ് "ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ". പ്രദീപന്‍റെ ഭാര്യയും കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് പേര്‍ക്കും കൂടി ചുരുങ്ങിയത് നാല് ലക്ഷമെങ്കിലും ശമ്പളമുണ്ട്. പ്രദീപന്‍റെ സ്വത്ത് വിവരങ്ങളടക്കം ശേഖരിച്ചാണ് വിജിലന്‍സിന്‍റെ അന്വേഷണം.

റേഞ്ച് എസ്പി പി.എന്‍. രമേശ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് പ്രദീപനെ ട്രാപ്പ് ചെയ്തത്. അന്വേഷണമികവിന് കഴിഞ്ഞ ദിവം ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നേടിയ എസ്ഐ പി.എന്‍. സുകുമാരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ഡി. ധനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്.

ENGLISH SUMMARY:

KSEB officer Pradeepan was arrested for accepting a bribe. The vigilance team caught him red-handed while attempting to escape on a bus with the money.