അഞ്ചു ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിഞ്ഞു. ജയനഗറില്‍ താമസിക്കുന്ന അസ്മ ഭാനുവിന്റെ നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശികളായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നതിന് പിന്നാലെ അസ്മ ഭാനുവിന്‍റെ ബന്ധു ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തുകയായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഈ സ്ത്രീകള്‍ അസ്മ ഭാനുവുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം അമ്മയുടെ കണ്ണ് തെറ്റിയ നേരം റാഫിയ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ എടുത്ത് വേഗത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അസ്മയുടെ സഹോദരി സിമ്രാൻ ഇത് കാണുകയും റാഫിയയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
സിമ്രാന്റെ അവസരോചിത നീക്കമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതോടെയാണ് പൊലീസെത്തിയത്.