കോട്ടയം പെരുംതുരുത്തിയില്‍ ആഭിചാരത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍തൃവീട്ടുകാര്‍ തന്നെ മണിക്കൂറുകള്‍ നീണ്ട പീഡനങ്ങള്‍ക്കാണ് വിധേയയാക്കിയതെന്ന് യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
'ദേഹത്ത് 8 ബാധകള്‍ കയറിയിട്ടുണ്ടെന്ന് പറഞ്ഞാണ് ആഭിചാര ക്രിയക്ക് എന്നെ ഇരയാക്കിയത്. അതുകൊണ്ട് 8 ആണിയിലായി എന്‍റെ തലമുടി കുരുക്കിക്കെട്ടി വെച്ചിരിക്കുകയായിരുന്നു. കാഞ്ഞിരത്തിന്‍റെ തടിയിലാണ് ആണികള്‍ തറപ്പിച്ച് വെച്ചിരുന്നത്. മുടി ആണികളില്‍ ചുറ്റി വെച്ചതിനാല്‍ തല അനക്കാന്‍ കഴിയില്ലായിരുന്നു. അവസാനം മുടി മുറിച്ചു. ആ കാഞ്ഞിര തടി ഇനി വെള്ളത്തില്‍ ഒഴുക്കിയാല്‍ മതിയെന്നാണ് പൂജാരി പറഞ്ഞത്. അങ്ങനെ അവരുടെ അച്ഛനാണ് തടി ഒഴുക്കിയത്.
അമ്മയുടെ ചേച്ചി മരിച്ചു പോയിരുന്നു. അവരുടെ ബാധയും എന്‍റെ ദേഹത്ത് കയറിയെന്ന് പറഞ്ഞു. പൂജാരി മുണ്ടും ഷര്‍ട്ടും മാറ്റി കാവി ഉടുത്തു. അയാളുടെ മാല തലച്ചോറിന്‍റെ രൂപത്തിലുള്ളവ ആയിരുന്നു. 12 മണി ആയപ്പോഴേക്കും എന്‍റെ ബോധം പോയി. 2 മണിക്കാണ് ഓര്‍മ്മ വന്നത്. ക്രിയകള്‍ക്കിടെ എനിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിച്ചു, പിന്നീട് ഭസ്മം തീറ്റിച്ചു. ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.
അടുത്ത വീട്ടുകാര് കേള്‍ക്കാതിരിക്കാനാണ് ഉച്ചത്തില്‍ പാട്ട് വെച്ചത്. കുമ്പളങ്ങ എട്ടായി മുറിച്ച് വീടിന് നാല് ചുറ്റും കുഴിച്ചിട്ടു. മഞ്ഞളും ചുണ്ണമ്പും കലക്കിയ വെള്ളവും ഭസ്മവും ചേര്‍ത്ത് കുമ്പളങ്ങയ്ക്ക് അകത്ത് ഒഴിച്ചിരുന്നു. അവന്‍റെ അച്ഛനും അമ്മക്കുമാണ് ഇത് നടത്താന്‍ നിര്‍ബന്ധം. അഖിലുമായി ചെറിയ വഴക്ക് ഉണ്ടായാലും അത് അപ്പോ തന്നെ പറഞ്ഞ് തീര്‍ക്കും. എന്നാല്‍ അതെല്ലാം ബാധ കേറിയത് കൊണ്ടാണെന്നാണ് അച്ഛനും അമ്മയും പറഞ്ഞ് പരത്തിയത്. എന്നിട്ടാണ് തിരുമേനിയെ അവര്‍ വിളിച്ചത്. അയാള്‍ പറയുന്നതെല്ലാം അവര് കേള്‍ക്കും. ഇനി ആര്‍ക്കും ഈ ഗതി വരരുത്. തിരുമേനിയെ അറസ്റ്റ് ചെയ്യണം'. –യുവതി പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മണര്‍കാട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളും ആഭിചാര ക്രിയകളും പുറത്തായത്.