thrissur-chain-theft

കേരള പിറവി ദിനം, രാവിലെ എട്ടരയോടെ തൃശൂര്‍ ജില്ലാ ആശുപത്രി പരസിരത്തു ബസിറങ്ങിയതായിരുന്നു എഴുപത്തിയഞ്ചുകാരി. കഴുത്തിലെ അഞ്ചര പവന്‍റെ മാലയില്ല. മണ്ണുത്തിയില്‍ നിന്ന് തൃശൂരിലേക്കുള്ള സ്വകാര്യ ബസിലായിരുന്നു യാത്ര ചെയ്തത്. ബസ് യാത്രയ്ക്കിടെ അപഹരിച്ചതാകാം. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉടനെ, തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി. വിവരം ഉദ്യോഗസ്ഥര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര‍ ദേശ് മുഖിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. എത്രയും വേഗം മോഷ്ടാക്കളെ പിടിക്കണം. മാല കയ്യോടെ കണ്ടെത്തണം. കമ്മിഷണറുടെ നിര്‍ദ്ദേശം കേട്ടതോടെ തൃശൂര്‍ എ.സി.പി. കെ.ജി.സുരേഷും ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ജെ.ജിജോയും സ്ക്വാഡിലെ അംഗങ്ങളും ഒന്നിച്ചിരുന്നു. എങ്ങനെ പിടിക്കും.

പ്ലാന്‍ എ

എഴുപത്തിയഞ്ചുകാരി വന്ന ബസിലെ ജീവനക്കാരെ കണ്ടു. അന്ന്, ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകളില്‍ അപരിചതരായ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് ചോദിച്ചു. തമിഴ്നാട്ടുകാരായ രണ്ടു സ്ത്രീകള്‍ ബസില്‍ പരക്കംപാഞ്ഞത് ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. ആരാകും ആ സ്ത്രീകള്‍? ജില്ലാ ആശുപത്രി പരിസരത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ രണ്ടു പേരും എഴുപത്തിയഞ്ചുകാരിക്കു പുറകില്‍തന്നെ ബസിറങ്ങിയതായി കണ്ടെത്തി. അവര്‍ എവിടെ പോയിക്കാണും. ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് ചോദിച്ചപ്പോള്‍ ഇവരെ മണ്ണുത്തി ദേശീയപാതയില്‍ വിട്ടതായി ഒരു ഡ്രൈവര്‍ പറഞ്ഞു. പിന്നാലെ മണ്ണുത്തിയില്‍ എത്തി അന്വേഷണം. മണ്ണുത്തിയിലെ ഓട്ടോക്കാരെ കണ്ടു. ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു. ആദ്യം അവര്‍ക്കു മനസിലായില്ല. പിന്നെ, ഒരു ഓട്ടോക്കാരന്‍ പറഞ്ഞു. ‘സര്‍ ഈ സ്ത്രീകളെ ഞാന്‍ കുട്ടനെല്ലൂര്‍ ദേശീയപാതയില്‍ കൊണ്ടുവിട്ടിരുന്നു.’. കേട്ട ഉടനെ, നേരെ കുട്ടനെല്ലൂരിലേക്ക്. അവിടെയും ഓട്ടോക്കാരെ കണ്ട് ചോദിച്ചു. ഡ്രൈവര്‍മാര്‍ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്തു. ഉടനെ, മറുപടിയെത്തി. ഇരുവരേയും ആമ്പല്ലൂരില്‍ കൊണ്ടുവിട്ടിരുന്നു. പിന്നെ, ആമ്പല്ലൂരിലേക്ക്. എന്നാല്‍ അവിടെയുള്ള ഓട്ടോക്കാര്‍ക്ക് ഇവരെ അറിയില്ല. സിസിടിവി കാമറകള്‍ പരിശോധിച്ചു. ഒരു കാറില്‍ കയറി രണ്ടു സ്ത്രീകളും പോകുന്നു. നമ്പര്‍ നോക്കി കാറുടമയുടെ വിലാസം കണ്ടെത്തി.

കാര്‍ എവിടെ?

​കാറുടമയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തി. ലൊക്കേഷന്‍ ചോറ്റാനിക്കര. സമയം പാഴാക്കാതെ ചോറ്റാനിക്കരയില്‍ എത്തി. സകല ലോഡ്ജുകളും ഹോട്ടലുകളും പരിശോധിച്ചു. ദേ കിടക്കുന്നു കാര്‍, തമിഴ്നാട് റജിസ്ട്രേഷന്‍. രണ്ടു മുറികളിലായാണ് ദമ്പതികള്‍ താമസിക്കുന്നത്. സ്ക്വാഡ് അംഗങ്ങളായ പി.ഹരീഷ്കുമാറും സൂരജും വി.ബി.ദീപക്കും ഒരു മുറിയില്‍ തട്ടി. ഉദ്യോഗസ്ഥാരായ എം.എസ്.അജ്മലും ലിഷയും മറ്റൊരു മുറിയിലും തട്ടി. ഇടിച്ചുക്കയറി മുറി പരിശോധിച്ചു, മാല കിട്ടിയില്ല. അപ്പോഴാണ് പൊലീസിന് ഒരു ഐഡിയ തോന്നിയത്. കാര്‍ പരിശോധിക്കാം. ലോഡ്ജിന്‍റെ പാര്‍ക്കിങ് സ്പേസില്‍ കാര്‍ പരിശോധിച്ചു. സീറ്റിനരികിലുള്ള ഡാഷ് ബോര്‍ഡില്‍ മാല പൊതിഞ്ഞ് റബര്‍ ബാന്‍ഡിട്ട് വച്ചിരിക്കുന്നു. ഒപ്പം ഒരു പാസ് ബുക്കും. ബാലന്‍സ് നോക്കിയ ഉദ്യോഗസ്ഥര്‍ ഞെട്ടി. പതിമൂന്ന് ലക്ഷം രൂപ!

ആരാണ് ഈ ദമ്പതികള്‍ ? 

കാറില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തും. മുപത്തിയേഴുകാരി ലക്ഷ്മിയും രാധയും ബസുകളില്‍ കയറും. വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്നതില്‍ വിദഗ്ധരാണ്. ലക്ഷ്മിയുടെ ഭര്‍ത്താവ് കാളിയപ്പനും രാധയുടെ ഭര്‍ത്താവ് മുനിയസ്വാമിയും കാറില്‍ തമ്പടിക്കും. മാല പൊട്ടിച്ചു കഴിഞ്ഞാല്‍ ഓട്ടോറിക്ഷ വിളിച്ച് റൂട്ട് മാപ്പ് തെറ്റിക്കും. പൊലീസിനെ കബളിപ്പിക്കാനാണിത്. കാറിന്‍റെ നമ്പര്‍ കിട്ടിയാല്‍ അല്ലേ പിടിക്കപ്പെടൂ എന്നായിരുന്നു വിശ്വാസം. ഇതൊഴിവാക്കാന്‍ ഓട്ടോകള്‍ മാറിക്കയറി സഞ്ചാരം. എന്നാല്‍ കേരള പൊലീസിന്‍റെ പരമ്പരാഗത രീതിയിലുള്ള അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന് കരുതിയില്ല. അഞ്ചരപവന്‍റെ മാല കയ്യോടെ കണ്ടെത്താന്‍ കഴിഞ്ഞു. തരിപ്പോലും സ്വര്‍ണം നഷ്ടപ്പെടാതെ. അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍. ഒട്ടേറെ മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളാണ് ഈ ദമ്പതികള്‍. 

ENGLISH SUMMARY:

Thrissur Police arrested a highly organized, inter-state chain-snatching gang from Tamil Nadu within 24 hours of a 75-year-old woman losing her 5.5-sovereign chain on a bus. The gang, consisting of two couples (Laxmi, Radha, Kaliyappan, and Muniyaswamy), used a complex route involving multiple auto-rickshaws and a Tamil Nadu-registered car to evade police. The police tracked them via CCTV and auto-driver leads to a lodge in Chottanikkara, where the stolen chain and a bank passbook showing ₹13 lakh were found in their car.