കാറില്‍ ബാഗ് വച്ചു പോകുന്നവരാണോ നിങ്ങള്‍? എങ്കില്‍, നിങ്ങളുടെ കാറിന്‍റെ ചില്ല് പൊട്ടിച്ച് അതെടുക്കാന്‍ മോഷ്ടാക്കളുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്ത ഡോക്ടറുടെ കാറില്‍ നിന്ന് സമാന രീതിയിലാണ് ബാഗും ഐ പാഡും മോഷ്ടിച്ചത്. കാറിന്‍റെ ചില്ലു തകര്‍ത്തായിരുന്നു മോഷണം. ഡോക്ടറുടെ പരാതി കിട്ടിയ ഉടനെ പൊലീസ് ഗൗരവമായെടുത്തു. കാരണം, ഈ കള്ളനെ പിടിച്ചില്ലെങ്കില്‍ ഒരുപാട് കാറുകളുടെ ചില്ല് പൊട്ടാന്‍ സാധ്യതയുണ്ട്.
കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്ത് സിസിടിവി കാമറയില്ല. രാവിലെ ഒന്‍പതരയ്ക്കാണ് കാര്‍ പാര്‍ക് ചെയ്തത്. വൈകിട്ട് അഞ്ചരയോടെ കാറെടുക്കാന്‍ വന്നപ്പോഴായിരുന്നു കാറിന്‍റെ ചില്ല് പൊട്ടിയതും കവര്‍ച്ച നടന്നതും ഡോക്ടര്‍ തിരിച്ചറിയുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് പരാതി കിട്ടിയ ഉടനെ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. റയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍... ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ കവര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. പൊലീസ് ജാഗ്രതയിലായി. അടിയന്തരമായി അന്വേഷണം തുടങ്ങാന്‍ തൃശൂര്‍ എ.സി.പി കെ.ജി.സുരേഷും പേരാമംഗലം ഇന്‍സ്പെക്ടര്‍ കെ.സി.രതീഷും മെനക്കെട്ടിറങ്ങി.
ബാഗുമായി ആരെങ്കിലും പോകുന്നുണ്ടോ?
ആശുപത്രി കവാടത്തിലെ സിസിടിവി കാമറകള്‍ പരിശോധിച്ചു. ബാഗുമായി പോകുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വലിയൊരു ബാഗുമായി പോകുന്ന യുവാവിന്‍റെ നടപ്പും പെരുമാറ്റവും കണ്ട് പൊലീസിന് സംശയം തോന്നി. ഈ യുവാവിന് പിന്നാലെ പോയാലോ? സ്ക്വാഡ് അംഗങ്ങളെ വിളിച്ചു വരുത്തി. യുവാവിന്‍റെ റൂട്ട് മാപ്പ് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയ്ക്കു മുന്നിലെ റോഡില്‍ കാമറ നോക്കിയപ്പോള്‍ യുവാവ് ബസില്‍ കയറി പോകുന്നത് കണ്ടു. ആ ബസിലെ ജീവനക്കാരെ കണ്ടു സംസാരിക്കാനായി ആദ്യനീക്കം. കേച്ചേരിയില്‍ ഈ യുവാവിനെ വിട്ടതായി ബസ് ജീവനക്കാര്‍ പറഞ്ഞു. കേച്ചേരിയില്‍ എത്തി ചായക്കടകളിലും കടകളിലും നാട്ടുകാരോടും ഈ ദൃശ്യങ്ങളിലുള്ള യുവാവിനെക്കുറിച്ച് അന്വേഷിച്ചു. അവരില്‍ ഒരാള്‍ ഒരു സൂചന തന്നു. ആ ബസില്‍ താനുമുണ്ടായിരുന്നു. സീറ്റുകള്‍ കാലിയായിട്ടും ഏറ്റവും പുറകിലെ നീളത്തിലുള്ള സീറ്റില്‍ വലിയ ബാഗുമായി യുവാവ് ഇരുന്നിരുന്നു. കുണ്ടും കുഴിയുമുള്ള റോഡായിട്ടും എന്തിന് ഈ യുവാവ് ഏറ്റവും പുറകിലെ വലിയ സീറ്റില്‍ പോയിരിക്കുന്നു. സഹയാത്രികന്‍ ഇതു നോട്ട് ചെയ്തു. ആ സഹയാത്രികന്‍ തന്നെ യുവാവിനെക്കുറിച്ച് സൂചന നല്‍കി.
തെരുവുനായയെ ഊട്ടുന്നവന്‍?
വലിയ ബാഗുമായി പോകുന്ന ആ യുവാവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. തെരുവു നായ്ക്കളെ തലോടും. കയ്യിലുള്ള ബിസ്ക്കറ്റ് നല്‍കും. തൃശൂര്‍ കേച്ചേരിയില്‍ അങ്ങനെയൊരു തെരുവുനായ അകമ്പടിയായി യുവാവ് പോകുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി ഈ യുവാവ് ഇരിക്കാറുള്ള സ്ഥലങ്ങളും പറഞ്ഞു കൊടുത്തു. വിജനമായ പറമ്പില്‍ ചെന്നപ്പോള്‍ ഡോക്ടറുടെ ബാഗ് അവിടെ ഉപേക്ഷിച്ചിരിക്കുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ ബാഗ്. നാല്‍പതിനായിരം രൂപയാണ് ബാഗിന്‍റെ വില. ആ ബാഗ് പറമ്പില്‍ ഉപേക്ഷിച്ച് കള്ളന്‍ പോയിരിക്കുന്നു. ഐ പാഡ് മാത്രമെടുത്തു.
പരിസരത്തു തമ്പടിച്ച പൊലീസ് സംഘത്തിനു മുമ്പിലേക്ക് യുവാവ് വന്നു വീണു. കയ്യോടെ പിടിച്ചു. പിന്നാലെ വന്ന ആ തെരുവുനായ പൊലീസിനെ കണ്ട് കുരച്ചു. തന്‍റെ പ്രിയയജമാനനെ കണ്ടുപോകുകയാണോ ദുഷ്ടന്‍മാരെ! കുന്നത്തുങ്ങാടി സ്വദേശിയായ നാല്‍പതുകാരന്‍ പി.അനീഷായിരുന്നു ആ കള്ളന്‍. നേരത്തെ കമ്മിഷണര്‍ക്കു തോന്നിയതുപോലെ റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍ എന്നീ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ കൊള്ളയടിക്കുന്നവന്‍. വീട്ടില്‍ പോകാറില്ല. മോഷണം നടത്തി ജീവിക്കും. ഐ പാഡുകളാണ് കൂടുതലും കിട്ടിയത്. ഇതു വില്‍ക്കുന്ന കടക്കാരനേയും ഇടനിലക്കാരനേയും പൊലീസ് പൊക്കി. കാറിന്‍റെ ചില്ലുകള്‍ പൊട്ടിച്ച് കൊള്ള നടത്തുന്ന അനീഷിനെപ്പോലുള്ളവര്‍ ഇനിയുമുണ്ടാകും നാട്ടില്‍. ജാഗ്രതൈ!