കോയമ്പത്തൂരിലെ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 1,85,000 രൂപ കവർന്ന ശേഷം കേരളത്തിലേക്ക് മുങ്ങിയ യുവാവ് അറസ്റ്റില്‍. മോഷണം നടത്തിയ ശേഷം വർക്കല പാപനാശം ബീച്ചിനടുത്ത് പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന കോയമ്പത്തൂർ സ്വദേശി മണികണ്ഠനെയാണ് (26) വർക്കല ടൂറിസം പൊലീസ് അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസിന് കൈമാറിയത്.
കവർച്ചയ്ക്ക് ശേഷം തമിഴ്ടാന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഇയാള്‍ വർക്കലയിലേക്ക് വന്ന ഒരു വിനോദസഞ്ചാര ഗ്രൂപ്പിനൊപ്പം കേരളത്തിലേക്ക് കടക്കുകയായിരുന്നു. അതിന് ശേഷം ടൂറിസ്റ്റ് സംഘത്തിനൊപ്പം പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി വർക്കലയിലെത്തിയെന്ന് തമിഴ്‍നാട് പൊലീസ് മനസിലാക്കിയത്.
അവര്‍ കേരള പൊലീസിന് വിവരങ്ങൾ കൈമാറി. വർക്കല ഡിവൈ.എസ്.പിയുടെ നിർദേശനാനുസരണം റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. കോയമ്പത്തൂർ പൊലീസിന് പ്രതിയെ കൈമാറി.