AI IMAGE
'സ്കൂളിന്‍റെ ഓഫീസ് കുത്തിത്തുറന്നത് ഞാന്‍ തന്നെയാണ് സാറേ, സമ്മതിക്കുന്നു. പക്ഷേ സാറൊരു കാര്യം മനസിലാക്കണം, അലമാരയിൽ നിന്നും ഒന്നും കിട്ടിയില്ല എനിക്ക്, സത്യം, ക്ഷീണം കൊണ്ട് ഇവിടെക്കിടന്ന് ഉറങ്ങിപ്പോയതാണ്'. ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിൽ മോഷണത്തിനായി കയറിയ ശേഷം, അവിടെക്കിടന്നുറങ്ങിപ്പോയതോടെ പൊലീസിന്‍റെ പിടിയിലായ യുവാവ് പറഞ്ഞ വാക്കുകളാണിത്.
സ്കൂളില്‍ കയറി മോഷണം നടത്തിയ കേസില്‍ ആറ്റിങ്ങൽ സ്വദേശി വിനീഷാണ് (23) പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് വിനീഷ് സി.എസ്.ഐ സ്കൂളിൽ മോഷ്ടിക്കാന്‍ കയറിയത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശനിയാഴ്ച രാവിലെ സ്കൂളിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഓഫീസ് റൂം തുറന്ന് കിടക്കുന്നത് കണ്ടത്. ഓഫീസിലെ അലമാരയും തുറന്ന് കിടക്കുന്നത് കണ്ട ജീവനക്കാരൻ വിവരം പൊലീസിനെയും അറിയിച്ചു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സ്കൂളിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്‍റെ വരാന്തയിൽ സുഖമായി കിടന്ന് ഉറങ്ങുകയായിരുന്ന വിനീഷിനെ കണ്ടത്. കാര്യങ്ങള്‍ ചോദിച്ചതോടെ വിനീഷ് പരുങ്ങി. മോഷ്ടാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പണം നഷ്ടമായില്ലെന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു. ഓഫീസ് ക്യാഷ് കൗണ്ടറിന് അടുത്ത് വെച്ചിരുന്ന 2 പാലിയേറ്റിവ് ധനസഹായ പെട്ടി തകർത്ത നിലയിലായിരുന്നു.
അതിൽ നിന്ന് വിനീഷ് പണമെടുത്ത ശേഷം, പ്രധാന ലോക്കറിന്‍റെ കൈപ്പിടി തകർത്തിരുന്നു. എന്നാല്‍ പണമൊന്നും എടുക്കാനായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.