ആലപ്പുഴയിലെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി പ്രതി സെബാസ്റ്റ്യാന്‍. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴി. 2006 ലാണ് കൊലപാതകം നടന്നത്. വീടിന്‍റെ പലഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകിയശേഷം എല്ലുകള്‍ കത്തിച്ചുവെന്നും അവശിഷ്‌ടങ്ങള്‍ പലയിടങ്ങളിലായി സംസ്കരിച്ചുവെന്നുമാണ് സെബാസ്റ്റ്യന്‍റെ മൊഴി. ബിന്ദുവിന്‍റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നും സെബാസ്റ്റ്യന്‍ സമ്മതിച്ചു. 

2006 ലാണ് ബിന്ദു പത്മനാഭനെ കാണാതാകുന്നത്. ഈ സമയം തന്നെ കൊലപാതകം നടന്നു എന്നതാണ് സെബസ്റ്റ്യന്‍റെ മൊഴിയിലൂടെ വ്യക്തമാകുന്നത്. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് സംഘം  പള്ളിപ്പുറത്തെ വീടിന്‍റെ പരിസരത്ത് തെളിവെടുപ്പ് നടത്തി.  മൃതദേഹാവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കത്ത്  കായലില്‍ തള്ളിയോ എന്നും പരിശോധിക്കുന്നുണ്ട.

വലിയ തോതിൽ പണവും വസ്തുവും സ്വന്തായമായുള്ള ആളായിരുന്നു ബിന്ദു. പരിചയപ്പെട്ട ശേഷം ബിന്ദുവും സെബാസ്റ്റ്യനും പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ എത്തിച്ച് തെളിവെടുക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം. 2006 ലാണ് ബിന്ദുവിനെ കാണാതാകുന്നത്. എന്നാൽ 2017 ലാണ് ബിന്ദുവിന്‍റെ സഹോദരൻ പ്രവീൺ ഇതുമായി ബന്ധപ്പെട്ട പരാതി നൽകുന്നത്. സെബാസ്റ്റ്യനും കൂട്ടാളികളും വ്യാജ രേഖകളുപയോഗിച്ച് ബിന്ദു എന്ന പേരിൽ മറ്റൊരു സ്ത്രീയെ കൊണ്ടുവന്ന് സ്ഥലം തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഇതാണ് സെബാസ്റ്റ്യനെ ബിന്ദു തിരോധാനത്തില്‍ കേസില്‍ കണ്ണിയാക്കുന്നത്. 

ബിന്ദു പത്മനാഭന്‍ തിരോധാനകേസ് ആദ്യം അന്വേഷിച്ച സംഘത്തിനെതിരെ വിമര്‍ശനം നിലനില്‍ക്കെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഏറ്റുമാനൂരിലെ ജൈനമ തിരോധാന കേസില്‍ കസ്റ്റഡിയിലാവുകയും പിന്നീട് പ്രതിയാവുകയും ചെയ്ത ‌സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭന്‍റെ കൊലപാതകത്തിലും കുറ്റം സമ്മതിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കസ്റ്റഡി അപേക്ഷയിലാണ് കോടതി സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 

ENGLISH SUMMARY:

Bindu Padmanabhan murder case reveals shocking details. The accused, Sebastian, confessed to killing Bindu and dismembering her body in Alappuzha, leading to an ongoing Crime Branch investigation and evidence collection.