ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആളിന്‍റെ മൊബൈൽ ഫോൺ അടിച്ചുവീഴ്ത്തി തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. എറണാകുളം കടവന്ത്ര ഉദയാനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലമേട് സ്വദേശി അരുൺ (32), മൊബൈൽഫോൺ വാങ്ങിയ തോപ്പുംപടി സ്വദേശി സലാഹുദ്ദീൻ (25) എന്നിവരെയാണ് എറണാകുളം റെയിൽവേ പൊലീസ് കൈയ്യോടെ പൊക്കിയത്.
സിസിടിവി ദൃശ്യങ്ങളും ടവർലൊക്കേഷനും പരിശോധിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
മലപ്പുറകാരനായ അനസ് ഇബ്നു നാസറിന്റെ എണ്‍പതിനായിരം രൂപ വിലയുള്ള ഐ ഫോണാണ് കവർന്നത്. 19ന് രാത്രി 8 മണിക്ക് ശേഷം ഓഖ എക്സ്‌പ്രസിലെ ജനറൽ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് അനസ് മോഷണത്തിന് ഇരയായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് തിരൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അനസ് ഫോണുമായി വാതിൽപ്പടിയിൽ ഇരുന്നാണ് സഞ്ചരിച്ചത്.
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷനടുത്തുള്ള മേൽപ്പാലം പിന്നിടുന്നതിനിടെയാണ് ട്രാക്കിനടുത്ത് നിന്ന യുവാവ് ഫോൺ വടികൊണ്ട് അടിച്ചിട്ടത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഫോണുമെടുത്ത് ഓടി. കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം ഷോപ്പ് നടത്തുന്ന സലാഹുദ്ദീന്‍ മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടാണ് ഫോൺ വാങ്ങിയത്. അതുകൊണ്ടാണ് അയാളെയും അറസ്റ്റ് ചെയ്തത്.