ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സ്നാപ്പ് ചാറ്റിലും റിച്ചി എന്ന ഫെയ്ക്ക് അക്കൗണ്ട് കണ്ടാല്‍ ഒന്ന് സൂക്ഷിക്കുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന കൊല്ലം സ്വദേശി ബിപിന്‍റെ ഫെയ്ക്ക് അക്കൗണ്ടാണത്.
ഫെയ്ക്ക് അക്കൗണ്ടുകളിലൂടെ തന്‍റെ സ്റ്റൈലന്‍ മുടിയും, ട്രെന്‍റിങ് ടാറ്റൂവുമെല്ലാം പോസ്റ്റ് ചെയ്ത് പെണ്‍കുട്ടികളെ വലയില്‍ കുരുക്കുന്ന വിരുതനാണ് ഈ 22കാരനായ ഫ്രീക്കന്‍. കാര്യം കാണും വരെ പ്രണയം അഭിനയിക്കാനും, കെയര്‍ വാരിക്കാരി കോടുക്കാനും മിടുക്കനാണ് ഈ ഫ്രീക്കന്‍.
സ്നാപ് ചാറ്റ് സൗഹൃദം 15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളുമായുള്ള പ്രണയത്തിന് വഴി മാറുന്നതോടെയാണ് യുവാവ് സെക്സ് ചാറ്റ് ആരംഭിക്കുന്നത്. മുഖം കാട്ടാതെയുള്ള തന്‍റെ നഗ്ന വിഡിയോകളും ശരീര ഭാഗങ്ങളും 15ഓ 16ഓ വയസുള്ള പെണ്‍കുട്ടികള്‍ക്ക് അയക്കും. അവരുടെ വിശ്വാസം പിടിച്ചുപറ്റും. ശേഷം പെണ്‍കുട്ടികളുടെ നഗ്ന വിഡിയോകളും ശരീര ഭാഗങ്ങളുടെ ഫോട്ടോകളും തന്ത്രപൂര്‍വം കൈക്കലാക്കും.
വിഡിയോ കിട്ടുന്നതോടെ യുവാവിന്‍റെ രീതിയും പെരുമാറ്റവും മാറും. പിന്നീടുള്ള അവന്‍റെ ആവശ്യങ്ങള്‍ മുതിര്‍ന്ന നമുക്ക് പോലും കേട്ട് നില്‍ക്കാനാവില്ല, അത്രയ്ക്ക് ലൈംഗിക വൈകൃതമാണ്. അപ്പോള്‍ അത് നേരിടേണ്ടി വരുന്ന, ട്രാപ്പിലായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?... ആ ചെറിയ പ്രായത്തില്‍ തന്നെ, ഈ പെണ്‍കുട്ടികളെ വലിയ ട്രോമയിലേക്ക് തള്ളിവിടുന്ന സൈബര്‍ കുറ്റവാളിയാണ് ഈ യുവാവ്.
ഏറ്റവും ഒടുവില്‍ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്ന വിഡിയോയാണ് അവന്‍ കൈക്കലാക്കിയത്. അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, അവന്‍ അവളോട് ആവശ്യപ്പെട്ടത് സഹോദരനുമായി സെക്സിലേര്‍പ്പെടുന്ന വീഡിയോയും ഫോട്ടോയുമാണ്. ഇല്ലെങ്കില്‍ ന്യൂഡ് വിഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. ആ കേസിലാണ് ബിപിനെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടിയത്.
ടാറ്റൂ ആർട്ടിസ്റ്റായ പ്രതി കോസ്‌മെറ്റിക് സയൻസിൽ ബിരുദ വിദ്യാർഥിയാണ്. ഐടി സാങ്കേതികവിദ്യയിൽ എല്ലാ കൃത്രിമ പണികളും അറിവുള്ളയാളാണ് ബിപിൻ. കൃത്രിമ ഐപി അഡ്രസുണ്ടാക്കിയതും, എഐ ഉപയോഗിച്ച് ശബ്ദം, ഫോട്ടോ എന്നിവ മാറ്റിയതും ഇയാളെ തിരിച്ചറിയാൻ പൊലീസിന് വലിയ ബുദ്ധിമുട്ടായി. സൈബർ പൊലീസിന്റെ സഹായത്തോടെ സമാനരീതിയിലുള്ള കേസുകൾ പരിശോധിച്ച്, വളരെ പണിപ്പെട്ടാണ് ഇവനെ കുടുക്കിയത്.
ഇവന്‍റെ നമ്പരൊന്നും കിട്ടാത്തതിനാല്‍ ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പിന്നെ യുവാവിന്‍റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് എറണാകുളത്തുണ്ടെന്ന് മനസിലാക്കിയത്. പാഞ്ഞെത്തിയ പാലക്കാട് കസബ പൊലീസ് ഇവനാണെന്ന് കരുതി ആദ്യം മറ്റൊരാളെയാണ് പൊക്കിയത്. പ്രതി അയാളല്ലെന്ന് ബോധ്യമായതോടെ തെളിവ് ശേഖരിച്ച് ബിപിനിലേക്കെത്തി. 11.30 ഓടെ അവനുള്ള ലൊക്കെഷനിലെത്തിയ അന്വേഷണ സംഘം ക്ഷമയോടെ വാഹനം മാറ്റിയിട്ട് കാത്തിരുന്നു.
ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിന്നാലെയെത്തി യുവാവിനെ കൈയ്യോടെ പൊക്കിയത്. 15, 16 വയസുള്ള പെണ്‍കുട്ടികളുടെ നഗ്ന വിഡിയോകളാണ് ഇവന്‍ ശേഖരിക്കാറ്. പിടികൂടുന്ന സമയത്ത് പത്തനംതിട്ടയിലെ 19 വയസുള്ള ഒരു പെണ്‍കുട്ടി ഇവന്‍രെ റൂമിലുണ്ടായിരുന്നു. അത് ഗേള്‍ ഫ്രണ്ടാണെന്നും ലീവിങ് ടുഗദറാണെന്നുമാണ് അവന്‍ പറഞ്ഞത്.
ചുരുക്കി പറഞ്ഞാല്‍ പെണ്‍കുട്ടികളാണ് ഈ യുവാവിന്‍റെ വീക്ക്നെസ്. ഭീഷണിപ്പെടുത്തി കൈക്കലാക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിഡിയോകള്‍ സൈറ്റുകളില്‍ വില്‍ക്കുന്നുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. അതിനെപ്പറ്റി അന്വേഷണം നടക്കുകയാണ് പൊലീസ്. പ്രതി ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടെന്നും മലപ്പുറം തേഞ്ഞിപ്പലം സ്‌റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് പറയുന്നു.
കേരളത്തിൽ പലയിടത്തായി നിരവധി പെൺകുട്ടികൾ ബിപിന്റെ വലയിൽ പെട്ടിട്ടുണ്ട്. തന്നെ തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയുടെ എല്ലാ പഴുതും പ്രതി പ്രയോഗിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഇപ്പോഴത്തെ കേസില്‍, പെൺകുട്ടിയും ഇയാളും ഒരിക്കല്‍ പോലും നേരിട്ട് കണ്ടിരുന്നില്ല.