16കാരനെ പീഡിപ്പിച്ച പതിനാലു പ്രതികളും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും പ്രതിയെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. കേസില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികളായുണ്ടെന്നാണ് സൂചന. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടേയും പരാതിയുടേയും അടിസ്ഥാനത്തിലാണ് കേസ്. ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
കാസര്‍കോട് ജില്ലയ്ക്കകത്തും പുറത്തും പതിനാറുകാരനെ പല സ്ഥലങ്ങളിലെത്തിച്ചാണ് പീഡനം നടത്തിയിരിക്കുന്നത്. ഡേറ്റിങ് ആപ്പ് വഴി സ്കൂള്‍ വിദ്യാര്‍ഥിയുമായി പരിചയത്തിലായ ആറുപേര്‍ പിടിയിലായി, 16 പേരെ പൊലീസ് തിരയുന്നുണ്ട്. 14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ കേസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി.
കുട്ടിയുമായി ആദ്യം ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു. ഇതിനു ശേഷമാണ് കുട്ടിയെ നേരിട്ടു കാണുന്നത്. രണ്ടു വർഷമായി 16കാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയിരുന്നതായും വിവരമുണ്ട്. ഒരു ദിവസം 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്ദേര പൊലീസിൽ പരാതി നൽകി.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. നിലവിൽ 14 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ കാസർകോട് ജില്ലയിൽ മാത്രം എട്ടു കേസുകളാണുള്ളത്. കേസിൽ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.