പട്ടാപ്പകല്‍ കാറിലെത്തിയ രണ്ടുപേര്‍ ചെറുകിട വസ്ത്ര വ്യാപാര ശാലയിൽ കയറി 7000ല്‍ അധികം രൂപയുടെ വസ്ത്രങ്ങൾ കവർന്നു. കൊല്ലം കൊട്ടാരക്കര കലയപുരത്താണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ എം.സി റോഡരികിലെ കടയിലാണ് സംഭവം.
ഓണക്കച്ചവടം കഴിഞ്ഞതിനാൽ ജീവനക്കാർ കടയിൽ ഉണ്ടായിരുന്നില്ല. കടയുടമയായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഏഴായിരത്തിൽപ്പരം രൂപയുടെ വസ്ത്രങ്ങൾ എടുത്ത തട്ടിപ്പുകാരിൽ ഒരാൾ പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് അവ കൊണ്ടുപോയി.
ഒപ്പമുള്ളയാൾ ഗൂഗിൾപേ വഴി പണം മല്‍കാനെന്ന വ്യാജേന മൊബൈലെടുത്ത് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന് ഇരുവരും ഓടി കാറിൽ കയറി വിട്ടുപോവുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടാഴ്ചയ്ക്ക് മുൻപ് കൊല്ലം കുണ്ടറയിലും രണ്ട് കടകളിൽ സമാന രീതിയിലെത്തിയവർ മേശ വലിപ്പിൽ നിന്നും പണം അപഹരിച്ച് കടന്നതായി പരാതിയുണ്ട്.