ബംഗളൂരുവിൽ 27കാരി ശില്പ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് പെൺകുട്ടിയുടെ കുടുംബം. രണ്ടര വർഷം മുമ്പാണ് സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന പ്രവീൺ അതേ മേഖലയിൽ ജോലി ചെയ്യുന്ന ശില്പയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് പ്രവീണിന്റെ വീട്ടുകാർ 150 ഗ്രാം സ്വർണവും 15 ലക്ഷം രൂപയും വീട്ടുപകരണങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും അവയെല്ലാം നൽകിയെന്നും ശില്പയുടെ മാതാപിതാക്കൾ പറയുന്നു.
കുറച്ചുനാൾ കഴിഞ്ഞപ്പോഴേയ്ക്കും പ്രവീൺ കൂടുതൽ പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടാതെ വന്നപ്പോൾ യുവതിയെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും, ഇതോടെയാണ് മകൾ ജീവനൊടുക്കിയതെന്നുമാണ് ആരോപണം. യുവതിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബംഗളൂരുവിലെ സുദ്ദെഗുണ്ടെപാളയിയിലെ വീട്ടിൽ വച്ചാണ് കുട്ടി ജീവനൊടുക്കിയത്. പ്രവീണിനും ശിൽപക്കും ഒന്നര വയസുളള കുഞ്ഞുണ്ട്. ശില്പ വിവാഹത്തിന് മുൻപ് സോഫ്റ്റ്വെയർ എഞ്ചിനീയറായി ഇൻഫോസിസിൽ ജോലി ചെയ്തുവരികയായിരുന്നു. ഒറാക്കിളിലെ ജീവനക്കാരനായിരുന്നു പ്രവീൺ. വിവാഹശേഷമാണ് പ്രവീൺ ജോലി രാജി വച്ച് ഫുഡ് ബിസിനസ് ആരംഭിച്ചത്. 6 മാസം മുൻപ് പ്രവീൺ ബിസിനസിനായി 5 ലക്ഷം രൂപ ശിൽപയോട് ആവശ്യപ്പെട്ടിരുന്നു. അതും സംഘടിപ്പിച്ച് പ്രവീണിന് കൊടുത്തിരുന്നുവെന്നാണ് ശിപ്പയുടെ മാതാപിതാക്കൾ പറയുന്നത്.
പ്രവീണിന്റെ വീട്ടുകാർ നിറത്തിന്റെ പേരിലും ശില്പയെ കളിയാക്കിയിരുന്നു. ശിൽപ കറുപ്പാണെന്നും പ്രവീണിന് നല്ലൊരു പെൺകുട്ടിയെ കിട്ടുമായിരുന്നുവെന്നും പ്രവീണിന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പ്രവീണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പൊലീസ്.