ഇടുക്കി ഉടുമ്പന്നൂരിൽ വീടിനുള്ളിൽ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. വിദ്യാർഥികൾ എന്തിന് മരിച്ചെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പാറത്തോട് സ്വദേശികളായ ശിവഘോഷ്, മീനാക്ഷി എന്നിവരാണ് മരിച്ചത്. ശിവഘോഷും അമ്മയും സഹോദരിയും രണ്ട് വർഷമായി വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പന്നൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവരും വാഴക്കുളത്തുള്ള കോളജിലെ വിദ്യാർഥികളാണ്. ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ശിവഘോഷിനെ ഫാനിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ കരിമണ്ണൂർ പൊലീസ് ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അപ്പോഴാണ് ശിവഘോഷിന് മീനാക്ഷി എന്ന പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന കാര്യം അറിയുന്നത്. പിന്നീട് പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഈ ഘട്ടത്തിലാണ് ശിവഘോഷിന്റെ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് സൂചന ലഭിച്ചത്. പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ അകത്തെ മുറിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി.
പരിശോധനയിൽ പെൺകുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. മീനാക്ഷിയെ അപായപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതിൽ കൂടുതൽ വ്യക്തത വരു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി