വിവാഹ വാഗ്ദാനം നൽകി സ്ത്രീകളുടെ സ്വർണവും പണവും കവരുന്ന വിരുതൻ അറസ്റ്റിൽ. തമിഴ്നാട് പൊലീസ് ഒരു വർഷമായി തിരഞ്ഞു വരുന്ന കാർത്തിക് രാജാണ് ഇടുക്കി തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് മാല കവർന്ന കേസിലാണ് അറസ്റ്റ്. 

അഭിലാഷ് എന്ന കള്ള പേരിലാണ് മാട്രിമോണി സൈറ്റ് വഴി ഇടുക്കി വാഗമൺ സ്വദേശിനിയായ യുവതിയെ കാർത്തിക് രാജ് പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതി തൊടുപുഴയിലെത്തി യുവതിയെ നേരിൽ കണ്ട ശേഷം അഞ്ചു പവൻ വരുന്ന മുക്കുപണ്ടം കൊണ്ടുള്ള മാല യുവതിക്ക് സമ്മാനമായി നൽകി. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഇയാൾ സ്വന്തം കഴുത്തിൽ അണിയുകയും ചെയ്തു. ശേഷം യുവതിയെ കബളിപ്പിച്ച് തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തമിഴ്നാട് നാമക്കല്ലിൽ വച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. 

തമിഴ്നാട്ടിൽ നിരവധി സ്ത്രീകളെയാണ് കാർത്തിക് രാജ് വിവാഹ വാഗ്ദാനം നൽകി പറ്റിച്ചത്. പലരും പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതി ചെലവഴിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Fraud arrest reported in Idukki. A man was arrested for stealing gold and money from women by promising marriage after meeting them through matrimonial sites.