ചേട്ടാ എന്ന് വിളിക്കാത്തതിന് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂൾ ഹോസ്റ്റലിലാണ് അക്രമം. പരുക്കേറ്റ വിദ്യാർഥി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടപടി എടുത്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്. ഹോസ്റ്റലിൽ വെച്ച് 'ചേട്ടാ' എന്ന് വിളിക്കാത്തതിന്‍റെ പേരിലാണ് റാഗിങ് ആരംഭിച്ചത്. തുടർന്ന്, കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ വിദ്യാർഥിയെ സീനിയർ കുട്ടികൾ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടലുണ്ടായി. ചേട്ടാ എന്നു വിളിക്കാത്തത് എന്തെന്ന് ചോദിച്ച് ഹോസ്റ്റൽ വാർഡനും മോശമായി സംസാരിച്ചു എന്നും പരാതിയുണ്ട്.
മർദ്ദനവിവരം ശനിയാഴ്ചയാണ് അറിഞ്ഞതെന്നും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നും സ്കൂൾ അധികൃതർ പറയുന്നു. ആരോപണ വിധേയനായ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു. സി.ഡബ്ല്യു.സി.യുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് പറഞ്ഞു.