ആലപ്പുഴ പള്ളിപ്പുറത്തെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ആലപ്പുഴ, ചേര്‍ത്തല, കോട്ടയം ഭാഗങ്ങളില്‍ നിന്നും കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണവും തട്ടുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കാണാതായവര്‍ക്ക് സെബാസ്റ്റ്യനുമായുള്ള ബന്ധമാണ് സംശയങ്ങള്‍ക്ക് കാരണം.
ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പ് കുഴിച്ചുള്ള പരിശോധന നടക്കുകയാണ്. മൂന്നേക്കറോളം വരുന്ന ഇടത്താണ് പരിശോധന. ഈ വീട്ടില്‍ സെബാസ്റ്റ്യന്‍ അധികം താമസിക്കാറില്ലെന്നാണ് വിവരം. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ സെബാസ്റ്റ്യനെ സ്ഥലത്ത് എത്തിച്ചാണ് പരിശോധന. വീട്ടുപരിസരം കുഴിക്കുന്നതിന് മണ്ണുമാന്തിയന്ത്രം എത്തിച്ചു. കുളംവറ്റിക്കാന്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാനത്തിലാണ് നിലവില്‍ സെബാസ്റ്റ്യന്‍ കുറ്റം സമ്മതിച്ചിട്ടുള്ളത്. സെബാസ്റ്റ്യന്‍ കാണിച്ചു നല്‍കിയ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ രക്തകറയും കണ്ടിട്ടുണ്ട്. ഇതും പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹ ഭാഗങ്ങള്‍ ആരുടേതാണെന്ന് അറിയാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജൈനമ്മയുടെയും മറ്റുള്ളവരുടെയും ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജൈനമ്മയ്ക്കൊപ്പം ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്‍റെയും വാരനാട് സ്വദേശി ഐഷയുടെയും തിരോധാനത്തിലാണ് പൊലീസിന് സെബാസ്റ്റ്യനെ സംശയം. ബിന്ദു കേസില്‍ സെബാസ്റ്റ്യന്‍റെ പങ്ക് വേണ്ട രീതിയില്‍ പൊലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. നിലവില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ബിന്ദുവിന്‍റെ കേസും കോട്ടയം ക്രൈംബ്രാഞ്ച് ജൈനമ്മയുടെ കേസുമാണ് അന്വേഷിക്കുന്നത്.
ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി സ്വദേശി ജെയിന്‍ മാത്യു എന്ന ജെയ്നമ്മയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത് പാലയിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ്. ഇരുവരും തമ്മില്‍ സ്ഥല ഇടപാട് നടത്തിയിരുന്നു. 2024 ഡിസംബര്‍ 23 നാണ് ജെയ്നമ്മയെ കാണാതാകുന്നത്. സഹോദരനും പിന്നീട് ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം. ജൈനമ്മയുടെ ഫോണിന്‍റെ സിഗ്നല്‍ അവസാനമായി കണ്ടത് സെബാസ്റ്റ്യന്‍റെ വീടിന്‍റെ ഭാഗത്താണ്. ഇതാണ് കേസില്‍ സെബാസ്റ്റ്യനെ കുടുക്കിയത്.
2012 മേയ് 13 നാണ് ഐഷയെ കാണാതാകുന്നത്. സെബാസ്റ്റ്യന്‍റെ വസ്തു കച്ചവടത്തിലെ സുഹൃത്തായിരുന്ന റോസമ്മയുടെ കൂട്ടുകാരിയായിരുന്നു 58 കാരിയായ ഐഷ. മൂന്ന് സെന്‍റ് സ്ഥലം വാങ്ങി നല്‍കാമെന്ന് സെബാസ്റ്റ്യന്‍ ഐഷയ്ക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതിനുള്ള പണവുമായി ബാങ്കിലേക്ക് പോയ ഐഷയെ പിന്നീട് കണ്ടിട്ടില്ല.
ചേര്‍ത്തല കടയ്ക്കരപ്പള്ളി ബിന്ദു പത്മനാഭനെ കാണാതാകുന്നത് 2006 ലാണെന്നാണ് സൂചന. 2017 ലാണ് ഇവരെ കാണാതായ പരാതി ലഭിക്കുന്നത്.