ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാന വിതരണക്കാരി എക്സൈസിന്റെ പിടിയിൽ. പള്ളുരുത്തി സ്വദേശി ലിജിയയെ പിടികൂടിയത് തൈക്കൂടത്തെ ലോഡ്ജിൽ നിന്ന്. 24 ഗ്രാം എംഡിഎംഎയുമായി രണ്ട് ആൺ സുഹൃത്തുക്കളും അറസ്റ്റിലായി. സംശയം തോന്നാതിരിക്കാന്‍ മകളെയും കൂട്ടിയായിരുന്നു ലഹരിക്കടത്ത്.
ഇന്നലെ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയും രണ്ട് യുവാക്കളും പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന ലഹരി വിതരണത്തിനായി സംഘം തയ്യാറെടുക്കുന്ന സമയത്താണ് തൈക്കൂടത്തുനിന്നും പിടിയിലായത്. നേരത്തെ പിടിയിലായ പലരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇവരെ പിടികൂടാനായത്. ഏറെ നാളുകളായി ലിജിയക്കായി വല വിരിച്ചുള്ള അന്വേഷണത്തിലായിരുന്നു എക്സൈസ്. അഞ്ചാംക്ലാസുകാരിയായ മകളെ കൂടെക്കൂട്ടിയായിരുന്നു ലഹരിക്കടത്ത്.
രണ്ടു വര്‍ഷത്തോളമായി ഈ കച്ചവടത്തില്‍ സജീവമാണ് ലിജിയയും സംഘവും. വളരെ നിര്‍ണായകമായ അറസ്റ്റാണിതെന്ന് അന്വഷണസംഘം പറയുന്നു. രണ്ടുവര്‍ഷമായി ലഹരി വില്പ്പനയോടൊപ്പം ലഹരി ഉപയോഗിക്കുന്നവരുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.