മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം കഠിന തടവ് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. മാറനല്ലൂർ അരുവിക്കര ചെറുത്തല കുളത്തിൻകര പുത്തൻ വീട്ടിൽ അനുവിനെയാണ് (രാജേഷ് കുമാർ-38) ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്.
രാജേഷിന്റെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതാണ് കേസിൽ നിർണായക തെളിവായതും കടുത്ത ശിക്ഷ ലഭിക്കാൻ കാരണമായതും. അന്നത്തെ മാറനല്ലൂർ എസ്.എച്ച്.ഒ ആയിരുന്ന എസ് സന്തോഷ് കുമാറാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
2022 ആഗസ്റ്റ് ഒൻപതിനാണ് പീഡനം നടക്കുന്നത്. രാജേഷ് കുമാർ മൊബൈൽ ഫോണിലൂടെ കുട്ടിയെ പരിചയപ്പെടുകയും അരുവിക്കരയിലെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ രക്ഷിതാക്കൾ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ രാജേഷ് കുമാറിന്റെ വീടിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് തൊണ്ടി സാധനങ്ങൾ കണ്ടെത്തുകയായിരുന്നു.