650ല്‍ അധികം പേര് അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ വനിതാ പൊലീസുകാരെപ്പറ്റി ലൈംഗിക അധിക്ഷേപം നടത്തിയ 61കാരനെ സുൽത്താൻ ബത്തേരി പൊലീസ് മൈസൂരിൽ നിന്ന് പിടികൂടി. മൂലങ്കാവ് സ്വദേശി മാനു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർമാരെപ്പറ്റിയാണ് കേട്ടാലറക്കുന്ന ലൈംഗിക പരാമര്‍ശം നടത്തിയത്. മെസേജുകള്‍ പുറത്തായതോടെ വയോധികന് മൈസൂരിലേക്ക് മുങ്ങുകയായിരുന്നു. ജൂൺ 30 നാണ് ഇയാള്‍ വാട്ട്സാപ്പിലൂടെ പൊലീസുകാരെ അസഭ്യം പറഞ്ഞത്. വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പരാതിയിലാണ് അറസ്റ്റ്.
മൊട്ടുസൂചി' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഇയാൾ തെറിയഭിഷേകം നടത്തിയത്. ഇയാളുടെ വോയ്സ് മേസേജുകളെല്ലാം ലൈംഗിക ചുവയുള്ളതായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ ജൂലായ് ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതോടെയാണ് പ്രതി മൈസൂരിലേക്ക് ഒളിവിൽ പോയത്.
സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ എൻ.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്പലവയൽ, ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറു കേസുകളുണ്ട്.