നേപ്പാള്‍ സ്വദേശി ഇരുപത്തിമൂന്ന് വയസുകാരന്‍ അഞ്ജനെ എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് മഹാരാഷ്ട്ര താനെയില്‍ നിന്നാണ് പൊക്കിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്കെത്തിയ മാലിദ്വീപ് സ്വദേശിനിയുടെ 1500 ഡോളറും തട്ടി അഞ്ജന്‍ കടന്നത്. പിതാവിന്‍റെ ചികിത്സയ്ക്കായാണ് മാലിദ്വീപില്‍ നിന്ന് യുവതി കൊച്ചിയില്‍ എത്തിയത്. പിതാവിനെ പരിചരിക്കാന്‍ കെയര്‍ടേക്കറായി വന്നതാണ് അഞ്ജന്‍. മാലിദ്വീപില്‍ നിന്നെത്തിയ കുടുംബം ഇടപ്പള്ളി കുന്നുംപുറത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം പതിമൂന്നിന് യുവതി പിതാവുമായി ആശുപത്രിയിലേക്ക് പോയ തക്കത്തിലായിരുന്നു മോഷണം. ബാഗില്‍ പഴ്സിലുണ്ടായിരുന്ന ഡോളറാണ് മോഷണം പോയത്. ഡോക്ടറെ കണ്ട് മടങ്ങിയെത്തുമ്പോള്‍ കെയര്‍ ടേക്കറുമില്ല ഡോളറുമില്ല. ഇതോടെ കുടുംബം ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
അഞ്ജനെ തേടിയിറങ്ങിയ ചേരാനെല്ലൂര്‍ പൊലീസ് സൈബര്‍ പൊലീസിന്‍റെ സഹായം തേടി. മൊബൈല്‍ നമ്പറെടുത്ത് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം. ആദ്യ ദിവസങ്ങളില്‍ മൊബൈല്‍ സ്വിച്ചോഫ് ആയിരുന്നുവെങ്കിലും പിന്നീട് ഓണായി. ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അഞ്ജന്‍ മഹാരാഷ്ട്രയിലെ താനെയില്‍. ചേരാനെല്ലൂര്‍ പൊലീസ് തൊട്ടടുത്ത ദിവസം താനെയില്‍ എത്തിയെങ്കിലും അഞ്ജന്‍റെ ഫോണ്‍ വീണ്ടും ഓഫ്. ഇതോടെ പൊലീസ് അങ്കലാപ്പിലായി.
പ്രതീക്ഷ കൈവിടാതെ താനെയില്‍ പൊലീസിന്‍റെ അന്വേഷണം തുടര്‍ന്നു. കൊച്ചിയില്‍ കെയര്‍ ടേക്കറായതിനാല്‍ താനെയിലും സമാനമായ ജോലികളില്‍ ഏര്‍പ്പെടാനുള്ള സാധ്യകള്‍ പൊലീസ് പരിശോധിച്ചു. ഒപ്പം പ്രദേശത്തെ റിസോര്‍ട്ടുകളിലും തിരക്കി. ഈ പരിശോധന നിര്‍ണായകമായി. കൊച്ചിയില്‍ നിന്ന് മുങ്ങിയ അഞ്ജന്‍ റിസോര്‍ട്ടില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു അഞ്ജന്‍.
മോഷ്ടിച്ച ഡോളറിന്‍റെ ഒരു വിഹിതം നേപ്പാളിലെ കുടുംബത്തിന് അയച്ചു നല്‍കി. മിച്ചമുണ്ടായിരുന്ന പണം അടിച്ചുപൊളിച്ചു. പണം തീര്‍ന്നപ്പോള്‍ കുക്കായി ജോലി തുടങ്ങിയ അഞ്ജനെ ചേരാനെല്ലൂര്‍ പൊലീസ് കൊച്ചിയിലെത്തിച്ചു ജയിലിലേക്കയച്ചു.