പെരുമ്പാവൂരിൽ ബൈക്ക് ഓടിച്ചു നോക്കുന്നതിനായി പുറത്തേക്ക് കൊണ്ടുപോയതിനു ശേഷം തിരികെ വരാതെ വാഹനവുമായി മുങ്ങിയ കേസിൽ ഒരാൾ പിടിയിൽ. ചൂർണിക്കര കുന്നത്തേരി കാളിയാടൻ വീട്ടിൽ റിഫാസാണ് (24) പിടിയിലായത്.
കുറുപ്പംപടി പൊലീസാണ് റിഫാസിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുചക്രവാഹനം വാങ്ങാനെന്ന വ്യാജേനെ ബിഹാർ സ്വദേശിയായ വിജയകുമാറിന്റെ വട്ടക്കാട്ടുപടിയിലെ വീട്ടിലെത്തിയ റിഫാസ് വാഹനം ഓടിച്ചു നോക്കുന്നതിനായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഓടിച്ചു നോക്കിയ ശേഷം റിഫാസ് തിരികെ വരുമെന്ന ധാരണയിലായിരുന്നു വിജയകുമാർ. എന്നാൽ വാഹനവുമായി പോയ റിഫാസ് ആ വഴി മുങ്ങുകയായിരുന്നു. ഇൻസ്പെക്ടർ വിഎം കേഴ്സൺ, എസ്.ഐ പിവി ജോർജ്, എസ്.സി.പി.ഒമാരായ കെഎം നൗഷാദ്, കെഎ നൗഫൽ, രഞ്ജു വി തങ്കപ്പൻ, സിപിഒമാരായ ജി രാമനാഥ്, അരുൺ കെ കരുണൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.