54കാരിയായ വിധവയെ വ്യാജരേഖയുണ്ടാക്കി കല്യാണം കഴിക്കുകയും, പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ 6 പേരെ കല്യാണം കഴിച്ച വിവാഹത്തട്ടിപ്പുവീരന്‍ പിടിയില്‍. മുഴപ്പിലങ്ങാട് സ്വദേശി വി. ഫലീലിനെയാണ് (51) കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് പരാതികളുമായി സ്ത്രീകളുള്‍പ്പടെ പലരും പൊലീസ് സ്റ്റേഷനിലെത്തി.
54കാരിയുടെ സ്വർണം, കാർ, പണം എന്നിവയാണ് ഇയാള്‍ കൈക്കലാക്കിയത്. 23 പവൻ സ്വർണം, 28 ലക്ഷം രൂപ, സ്ത്രീയുടെ പേരിൽ ബാങ്ക് വായ്പയിലൂടെ എടുത്ത കാർ എന്നിവയാണ് ഫലീല്‍ അടിച്ചുമാറ്റിയത്. 10 വർഷത്തിനിടെ പല പേരുകളിൽ ആറില്‍ അധികം പേരെ വിവാഹം ചെയ്തുവെന്ന് പൊലീസ് പറയുന്നു. സ്വർണവും പണവും കിട്ടിയാല്‍ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്നതാണ് പ്രതിയുടെ രീതി.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നായി ഇയാള്‍ പലരെയും വിവാഹം കഴിച്ചിട്ടുണ്ട്. നിരവധി യുവതികള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാസർകോട് സ്വദേശി സക്കീർ അബ്ദുള്ളയില്‍ നിന്നു 16 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ ഇയാള്‍ 2018ൽ പിടിയിലായിരുന്നു. ചീമേനിയിലെ സ്ത്രീയിയെ പറ്റിച്ച് സ്വന്തമാക്കിയത് 12 ലക്ഷം രൂപയാണ്. ചപ്പാരപ്പടവ് സ്വദേശി ജാഫഫറില്‍ നിന്ന് 32 ലക്ഷം രൂപ, കൂത്തുപറമ്പ് സ്വദേശി മുസ്തഫയിൽ നിന്ന് 24 ലക്ഷം രൂപ എന്നിവ തട്ടിയെടുത്തെന്നും പരാതികളുണ്ട്.