കൊച്ചി പള്ളുരുത്തിയിലെ ആഷിഖിന്‍റെ മരണം കൊലപാതകമെന്ന് കുടുംബം. ആഷിഖിന്‍റെ രണ്ടുകാലുകളിലും ആഴത്തില്‍ മുറിവുണ്ട്. കഴുത്തിലും മര്‍ദനമേറ്റ പാടുകളെന്ന് പിതാവ് അക്ബര്‍ പറഞ്ഞു . കണ്ണങ്ങാട്ട് പാലത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്ത ലോറിയിലാണ് ആഷിഖിനെ, തുടയിൽ മുറിവേറ്റ് ചോര വാർന്ന നിലയിൽ പെൺസുഹൃത്ത് കണ്ടെത്തിയത്.. അതേസമയം ആഷിഖിനൊപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെ തന്നെയാണ് സംശയമെന്ന് പിതാവ് പറഞ്ഞു.
അവന്‍ ‘രാവിലെ പണിക്കുപോയതാണ്, ഉച്ചയ്ക്ക് വിളിച്ചിട്ടൊന്നും കിട്ടിയില്ല, വൈകുന്നേരമാണ് ആശുപത്രിയില്‍ നിന്നും പൊലീസ് വിളിക്കുന്നത്, ആഷിഖിനെ മരിച്ച നിലയില്‍ ഒരു പെണ്ണ് ആശുപത്രിയലെത്തിച്ചു എന്ന് പറഞ്ഞു, അതുകേട്ട് ചെന്നുനോക്കിയപ്പോള്‍ ഡ്രസ് ഒക്കെ ആകെ അലങ്കോലപ്പെട്ട അവസ്ഥയിലാണ് അവനെ കണ്ടത്. പിടിവലി നടന്നിട്ടുണ്ട്, രണ്ടു കാലിന്‍റെയും തുടയില്‍ ആഴത്തിലുള്ള തുളകളാണ്, തലയ്ക്ക് പിന്നില്‍ അടികിട്ടിയിട്ടുണ്ട്, ഈ പെണ്ണാണ് ഏറ്റവും വലിയ പ്രശ്നം, അവള്‍ക്ക് ആഷിഖിനോട് ശത്രുതയുണ്ട്, ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ടതിന്‍റെ ദേഷ്യമുണ്ട്, അവളൊറ്റയ്ക്ക് അവനെയെടുത്ത് ഓട്ടോയില്‍ കിടത്തി ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നത് വിശ്വാസമില്ലെന്നും പിതാവ് പറഞ്ഞു.
യുവതിയും ആഷിഖും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടെന്ന് പിതാവിന്‍റെ മൊഴിയില്‍ വ്യക്തമാണ്. തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് യുവതി കൊടുത്ത പരാതിയില്‍ നേരത്തേ ആഷിഖ് പിടിയിലായിട്ടുണ്ട്. 24ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങുകയായിരുന്നു. കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് പലതവണ ഈ യുവതി ആഷിഖിന്‍റെ വീട്ടിലെത്തിയതായും പിതാവ് പറയുന്നു. ആഷിഖിന്‍റെ തുടയില്‍ ബ്ലേഡ് കൊണ്ടോ മറ്റോ ഉള്ള മുറിവുകളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കണ്ണങ്ങാട്ട് പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ആഷിഖ് തന്നെ വിളിച്ചുവരുത്തിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത് . സംസാരിക്കുന്നതിനിടെ ആഷിഖ് ബോധം കെട്ടുവീണു. പിന്നീട് പരിശോധിച്ചപ്പോഴാണ് കാലിലെ മുറിവ് കണ്ടതെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്തായാലും ആഷിഖിന്‍റെ മരണത്തില്‍ അടിമുടി ദുരൂഹതയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, പള്ളുരുത്തി പൊലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലോറിക്കുള്ളില്‍ ഡ്രൈവര്‍ സീറ്റില്‍ ചോരവാര്‍ന്ന നിലയിലായിരുന്നു ആഷിഖിനെ കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയും. ലോറിക്കുള്ളില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന ഒരു പൂച്ചയേയും പൊലീസ് ഒപ്പം കൊണ്ടുവന്നു. കാബിനുള്ളില്‍ നിന്നാണ് പൊലീസിനു പൂച്ചയെ കിട്ടിയത്.