കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വിവാഹ വീട്ടിൽ കവർച്ച നടത്തി മോഷ്ടാക്കൾ. പണ കവറുകൾ സൂക്ഷിച്ചിരുന്ന പെട്ടിയാണ് മോഷ്ടാക്കൾ കവർന്നത്. കല്യാണത്തിന് സംഭാവന കിട്ടിയതുൾപ്പടെയുള്ള പണ കവറുകൾ തൂത്തുവാരിയ ശേഷം പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ വീടിനടുത്ത് നിന്ന് കണ്ടെത്തി.
രാവിലെ പന്തൽ പൊളിക്കാനെത്തിയ തൊഴിലാളികൾ പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ഒരു പെട്ടി കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരെ ഈ പെട്ടി കാണിച്ചതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്. തുടർന്ന് വടകരയിൽ നിന്നും ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ, പേരാമ്പ്ര പൊലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പേരാമ്പ്ര പൈതോത്ത് സ്വദേശിയായ സദാനന്ദന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ കവർച്ച നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്ച. ഓഫീസ് മുറിയിൽ സൂക്ഷിച്ച പെട്ടി കുത്തിത്തുറന്ന് പണം കവർന്നതായാണ് പരാതി. വീടിന് പിൻഭാഗത്തെ ഗ്രില്ല് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.