13 കാരിയോട് ലൈംഗികാതിക്രമം കാട്ടിയ 53കാരന് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് സംഭവം. മുമ്പും പോക്സോ കേസിൽ പ്രതിയായിട്ടുള്ള കൊടുമൺ അങ്ങാടിക്കൽ കല്ലുകാട്ടിൽ വീട്ടിൽ വേണുലാലാണ് (53) അറസ്റ്റിലായത്. കഴിഞ്ഞവർഷത്തെ സ്കൂൾ വെക്കേഷന് അച്ഛന്റെ വീട്ടിൽ പോയ 13 കാരിയോടാണ് വേണുലാല്‍ ലൈംഗികാതിക്രമം നടത്തിയത്. 2022 ൽ കൊടുമൺ പൊലീസ് എഫ്ഐആറിട്ട പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്.
തകരാറിലായ സ്വിച്ച് ബോർഡ് ശരിയാക്കാനാണ് വേണുലാല്‍ കുട്ടിയുടെ അച്ഛന്റെ വീട്ടിലെത്തിയത്. ആ സമയം ഉറക്കത്തിലായിരുന്ന പെൺകുട്ടിയെ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. കുട്ടി ഞെട്ടിയുണർന്നതോടെ അവള്‍ക്ക് മുന്നില്‍വെച്ച് ലൈംഗിക ചേഷ്ടകൾ കാട്ടി. പെട്ടെന്നുണ്ടായ ഷോക്കില്‍ ഭയന്നുപോയ കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് കാണുമ്പോഴൊക്കെ ഇയാൾ ലൈംഗിക ചേഷ്ടകൾ കാട്ടാനും മോശമായി നോക്കാനും തുടങ്ങി.
ഏപ്രിലിൽ കുട്ടിക്ക് സുഖമില്ലാതെ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍, കൗൺസിലിംഗിന് നിര്‍ദേശിച്ചു. അപ്പോഴാണ് പീഡന വിവരം കുട്ടി പുറത്തു പറഞ്ഞത്. തുടര്‍ന്ന് പന്തളം പൊലീസിൽ പരാതി നല്കി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി അടൂർ ജെ എഫ് എം കോടതിയിലും രേഖപ്പെടുത്തി.
വേണുലാലിനെ കഴിഞ്ഞ ദിവസം അങ്ങാടിക്കൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്കു് വിധേയനാക്കി. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.