ഓൺലൈനിലൂടെ അധ്യാപകന്റെ 32 ലക്ഷം രൂപയോളം തട്ടിയ കേസില്‍ നാലാം പ്രതിയായ യുവാവും പിടിയിലായി. പാലക്കാട് മാത്തൂർ സ്വദേശി ആസിഫ് റഹ്മാനെയാണ് (29) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ഫെബ്രുവരി മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓൺലൈൻ ട്രേഡിംഗ് സിമ്പിളാണെന്നും, ഇതിലൂടെ വന്‍ ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് അദ്ധ്യാപകന്റെ പണം തട്ടിയെടുത്ത കേസിലാണ് യുവാവിന്‍റെ അറസ്റ്റ്. സ്വന്തം അക്കൗണ്ടിലൂടെ തട്ടിപ്പ്പണം കൈമാറാൻ സഹായിച്ചുവെന്നതാണ് റഹ്മാനെതിരായ കുറ്റം.
നെടുംകുന്നം സ്വദേശിയായ അദ്ധ്യാപകനിൽ നിന്നാണ് 32 ലക്ഷം രൂപയോളം ഓൺലൈൻ ഇടപാടിലൂടെ അടിച്ചെടുത്തത്. ഓൺലൈനായി ഷെയർ മാർക്കറ്റിൽ പണമിട്ട് വന്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തന്റെ അക്കൗണ്ട് ഉപയോഗിക്കാൻ കൊടുത്തത് ആസിഫ് റഹ്മാനാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.