ഹെൽമറ്റ് വയ്ക്കാത്തതിന് 11 കേസുകളിലായി ബൈക്ക് ഉടമ പിഴയടയ്ക്കാനുള്ളത് 5500 രൂപ. തിരുവല്ല കുന്നന്താനം ജംഗ്ഷനിൽ വച്ചാണ് നമ്പർ മറച്ച ഇരുചക്രവാഹനം മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സ്വകാര്യ ബസ്സിൽ പരിശോധന നടത്തുമ്പോൾ അവസാന രണ്ടക്കം മറച്ച ബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സാധാരണ ചെളിതെറിച്ചും മറ്റും നമ്പർ പ്ലേറ്റ് മറയുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് വാഹനഉടമ മനപ്പൂർവ്വം ചെയ്തതാണെന്ന് ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചു. പരുമല സ്വദേശിയായ വാഹന ഉടമ തന്നെയാണ് വാഹനം ഓടിച്ചതും. രണ്ടക്കങ്ങളിൽ ഗ്രീസ് തേച്ചതും ഉടമ തന്നെ.
ഉദ്യോഗസ്ഥർ ഗ്രീസ് മായിച്ച് നമ്പർ പരിശോധിച്ചപ്പോഴാണ് ട്വിസ്റ്റ്. ഹെൽമറ്റ് വയ്ക്കാത്തതിന് മാത്രമായി 11 കേസുകളിലായി 5,500 രൂപയിൽ അധികം പിഴയടയ്ക്കാൻ ഉണ്ട്. കുന്നന്താനം ജംഗ്ഷനിലെ AI ക്യാമറയുടെ കണ്ണു വെട്ടിക്കാനാണ് ഉടമയുടെ ഇപ്പോഴത്തെ ജാഗ്രത. പിഴ അടയ്ക്കാത്തതിനാൽ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതും ഉദ്യോഗസ്ഥരുടെ പരിഗണനയിലുണ്ട്.