പാലക്കാട് തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസിൽ നിന്ന് വീണ് ചെങ്ങന്നൂരിലെ ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തില്‍ പുനലൂർ റെയിൽവേ പൊലീസ് തെങ്കാശി സ്വദേശിയെ പിടികൂടി. 33കാരനായ കുട്ടിരാജയാണ് അറസ്റ്റിലായത്. തൂത്തുക്കുടി സ്വദേശി സെന്തിൽകുമാറാണ് (46) കഴിഞ്ഞ ദിവസം രാത്രി 12.30ന് കൊട്ടാരക്കര ഇടയം ഭാഗത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.
സെന്തിൽ കുമാർ ചെങ്ങന്നൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. കൊല്ലത്ത് ട്രെയിന്‍ എത്തിയപ്പോൾ തിരുനെൽവേലിയിലേക്ക് ടിക്കറ്റെടുത്ത
ഏഴംഗസംഘം കയറി. ഇവര്‍ മദ്യ ലഹരിയിലായിരുന്നു. സെന്തിൽകുമാർ മൊബൈലിൽ ഉറക്കെ പാട്ട് വെച്ചത് മദ്യ ലഹരിയിലായിരുന്ന ഈ സംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തർക്കവും പ്രശ്‌നങ്ങളും ഉണ്ടായി. കൊട്ടാരക്കര സ്റ്റേഷൻ കഴിഞ്ഞപ്പോൾ കുട്ടിരാജ സീറ്റിൽ നിന്ന് എഴുന്നേറ്റ് സെന്തിൽ കുമാറിനെ അടിക്കാൻ ശ്രമിച്ചു. ഈസമയം തുറന്നു കിടന്ന ഡോറിന് സമീപം നിന്നിരുന്ന സെന്തിൽകുമാർ പുറത്തേക്ക് വീണു മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഈ കേസിന്റെ തുടരന്വേഷണം തിരുവനന്തപുരം റെയിൽവേ പൊലീസ് സി.ഐയുടെ നേതൃത്വത്തിലാണ് നടക്കുക. സംഘത്തിലെ 7 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു.