1. പ്രതി വിശ്വനാഥന്‍. 2 എഐ ചിത്രം (പ്രതീകാത്മക ചിത്രം)
ചായക്കടയിൽ വെച്ച് സംസാരിച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 64കാരന് 19 വർഷം കഠിന തടവ് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. തടവിന് പുറമേ ഇയാൾ, 35,000 രൂപ പിഴയും അടക്കണം. പിഴ ഓടുക്കിയില്ലെങ്കിൽ 10 മാസംകൂടി അധിക തടവ് അനുഭവിക്കണം. പള്ളിച്ചൽ ചാമവിള അയിത്തിയൂർ വട്ടവിളവീട്ടിൽ വിശ്വനാഥനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാറിന്റേതാണ് വിധി.
പിഴത്തുക പര്യാപ്തമാല്ലാത്തതിനാലും, പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലായതിനാലും കുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ അതോറിട്ടി നൽകാണമെന്ന് കൂടി വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.
2020ലാണ് പീഡനം നടന്നത്. മകളുടെ വീട്ടിലെത്തിയ വിശ്വനാഥൻ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മുമ്മയുടെ ചായക്കടയിൽ പോവാറുണ്ടായിരുന്നു. ഇവിടെവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി സംസാരിച്ച് സൗഹൃദമുണ്ടാക്കിയ ശേഷം സമീപത്തെ പണിതീരാത്ത വീട്ടിൽകൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
ഭയം കാരണം കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ അപാകത തോന്നിയ അമ്മ ചോദ്യംചെയ്തപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ എസ്.ഐമാരായിരുന്ന വി.ഷിബു, സുനിൽഗോപി എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.