തിരുവനന്തപുരം കുളത്തൂരില്‍ വീട്ടിലെ കാർ ഷെഡിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട്, വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി മണക്കാട്ടിൽ പുത്തൻ വീട്ടിൽ സജിത്താണ് (38) തുമ്പ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. 

കുളത്തൂർ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സെെക്കിളും കഴിഞ്ഞ ദിവസം വെളുപ്പിനാണ് കത്തിനശിച്ചത്. വീട്ടുടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്റേതാണ് കത്തിനശിച്ച ഇന്നോവ കാർ. രാകേഷിന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കേസിലെ പ്രതിയായ സജിത്. വാഹനങ്ങൾക്ക് തീയിടാൻ പ്രതിയെ പ്രേരിപ്പിച്ചത് കുടുംബ വഴക്കാണെന്നാണ് സൂചന.

വർഷങ്ങള്‍ക്ക് മുമ്പ് സജിത്തിനെ അറിയിക്കാതെ രാകേഷും ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടി പോയിരുന്നു. സംഭവദിവസം രാത്രി സ്ഥലത്തെത്തിയ സജിത് റോഡിൽ നിന്ന് വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ചു. ശേഷം പേപ്പറിന് തീ കൊളുത്തി വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സ്ഥലത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 

ENGLISH SUMMARY:

Youth arrested for burning Innova and Bullet