നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ജി.പിക്ക് കുരുക്കായി പൊലീസുകാരന്‍റെ മൊഴി. വിമാനത്താവളത്തില്‍ പരിശോധനകള്‍ ഒഴിവാക്കാന്‍ IPS ഓഫീസര്‍ നിര്‍ദേശിച്ചെന്ന് പൊലീസുകാരന്‍ മൊഴിനല്‍കി. ഇതോടെ, രന്യയുടെ വളര്‍ത്തച്ഛനും പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയുമായ കെ. രാമചന്ദ്ര റാവുവിനെതിരെ സംശയം ബലപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് 11 ഇടങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തി.
കേസന്വേഷിക്കുന്ന സിബിഐയ്ക്ക് മുന്‍പാകെയാണു വിമാനത്താവള പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി.ജി.പിക്കു കുരുക്കാവുന്ന മൊഴി നല്‍കിയത്. രന്യ റാവുവിന് എസ്കോര്‍ട്ട് പോയത് ഐ.പി.എസ്.ഓഫീസറുടെ നിര്‍ദേശ പ്രകാരമെന്നാണു മൊഴി. മകളുമായി ബന്ധമില്ലെന്ന ഡി.ജി.പിയുടെ നിലപാടിനു വിരുദ്ധമാണ് ഹെഡ് കോണ്‍സ്റ്റബിളിന്‍റെ മൊഴി. സ്വര്‍ണക്കടത്തില്‍ മൂന്നാമത്തെ കേന്ദ്ര ഏജന്‍സി കൂടി കേസെടുക്കുമെന്നാണു പുറത്തുവരുന്ന വിവരം. നിലവില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, സിബിഐ എന്നിവര്‍ കേസെടുത്തിട്ടുണ്ട്.
വ്യാപക ഹവാല ഇടപാട് നടന്നെന്ന സൂചനയെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളുരുവിലെ നടിയുടെയും കൂട്ടുപ്രതി തരുണ്‍ രാജുവിന്‍റെയും വീടുകളിലും ഓഫീസുകളിലുമടക്കം 11 ഇടങ്ങളില്‍ റെയ്ഡ് നടത്തി. കേസില്‍ സി.ഐ.ഡി അന്വേഷണം നടത്താനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ നടിയെ വിമാനത്താവളത്തില്‍ നിന്നും പരിശോധന ഒഴിവാക്കി പുറത്തിറക്കിയതു സംബന്ധിച്ച അന്വേഷണത്തിനുള്ള ഉത്തരവാണ് പിന്‍വലിച്ചത്. ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് നടപടിയെന്നാണ് വിശദീകരണം.