തൃശൂർ കണ്ണംകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും കഴിഞ്ഞ എട്ടിന് പുരുഷന്റെ മൃതദേഹം കിട്ടി. നാലു ദിവസത്തെ പഴക്കം. ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. ഫോണിൽ നിന്ന് ബന്ധുക്കളുടെ നമ്പർ കിട്ടി. ചേർപ്പ് വല്ലച്ചിറ സ്വദേശി സന്തോഷാണ് (50) മരിച്ചത്. ചെമ്പൂക്കാവിലെ വർക് ഷോപ്പ് ജീവനക്കാരനാണയാള്‍.
സന്തോഷ് ആത്മഹത്യ ചെയ്യാൻ കാരണമില്ല. പിന്നെ, എങ്ങനെ കിണറ്റിൽ എത്തി ? സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയും എ.സി.പി സലീഷ് എൻ ശങ്കരനും ഈസ്റ്റ് ഇൻസ്പെക്ടർ ജിജോയും പങ്കെടുത്ത യോഗത്തിൽ സമഗ്രമായ അന്വേഷണം തീരുമാനിച്ചു.
പറമ്പ് വീണ്ടും പരിശോധിച്ചപ്പോള്‍ മദ്യം വാങ്ങിയ ബില്ല് കിട്ടി. ബവ്റിജസ് ഔട്ട് ലെറ്റും സമയവും തീയതിയും ബില്ലിൽ ഉണ്ട്. മദ്യശാലയിലെ സിസിടിവി പരിശോധിച്ചു. സന്തോഷിന്റെ കൂടെ വന്നവരെ തിരിച്ചറിഞ്ഞു. അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
മദ്യപാനത്തിനിടെ സന്തോഷും വിനയ് എന്ന യുവാവും തമ്മിൽ തർക്കമുണ്ടായി. വിനയ്, സന്തോഷിനെ കിണറ്റിലേക്ക് തള്ളിയിട്ടു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ രണ്ടാമതും മദ്യം വാങ്ങാൻ പോയപ്പോഴാണ് കൊലപാതകം. വിനയ് കഞ്ചാവ് കേസിലെ പ്രതിയാണ്. അവിവാഹിതൻ, കടത്തിണ്ണയിൽ ഉറങ്ങും. സദ്യയിൽ വിളമ്പുകാരനാകും.
വിനയിനെ അറസ്റ്റ് ചെയ്തു. എ.സി.പി സലീഷ് എൻ ശങ്കരൻ, ഇൻസ്പെക്ടർ എം.ജെ. ജിജോ, എ.എസ്.ഐ ദുർഗാലക്ഷ്മി, ഹരീഷ്, ദീപക്, സൂരജ്, അജ്മൽ, നസീബ് എന്നിവരാണ് കൊലപാതകം തെളിയിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയതാണ് കേസില്‍ വഴിഞ്ഞിരിവായത്.