വാടകവീടിനു തീയിട്ട ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വർക്കല മേലേ വെട്ടൂർ സ്വദേശി പ്രിജീഷിനെയാണ് (40) പൊലീസ് പിടികൂടിയത്. അയന്തി അയണിവിളാകം വലിയമേലതിൽ ക്ഷേത്രത്തിനടുത്ത് ബീന - പ്രസന്നൻ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വീടിനാണ് പ്രിജീഷ് തീയിട്ടത്.
ഭാര്യയോടും അമ്മയോടും പിണങ്ങിയ ശേഷം ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് തീകൊളുത്തുകയായിരുന്നു. തീ പടർന്ന് പിടിച്ചതോടെ, വീട്ടിലെ മേശയും കസേരയും ഇലക്ട്രിക് ഉപകരണങ്ങളും ഉൾപ്പടെ കത്തി നശിച്ചു. ചുമരുകൾ പൊട്ടിപ്പൊളിഞ്ഞ് വീണു. 12 ലക്ഷം രൂപയോളം നാശം വീടിന് സംഭവിച്ചിട്ടുണ്ടെന്നുള്ള ബീനയുടെ പരാതിയിലാണ് പൊലീസ് പ്രിജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
വീട്ടിന് തീയിട്ട ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ പുലർച്ചെയാണ് പൊലീസ് പിടികൂടിയത്. മേലേവെട്ടൂരിലുള്ള ബന്ധു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.